തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

വനിതാ തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയതിന് കേസില്‍പ്പെട്ട് ഒളിവിലായിരുന്ന ജയിലര്‍ അറസ്റ്റില്‍. അജ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് അനുമതിയില്ലാതെ രണ്ടു വനിതാ തടവുകാരെ തന്റെ സ്വകാര്യ ആവശ്യത്തിനായി പുറത്തുകൊണ്ടുപോയത്. സംഭവത്തില്‍ രണ്ടു മാസത്തോളം ഒളിവിലായിരുന്ന ദിവ്യ ചൗധരിയെ കോട്ടയില്‍ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ദിവ്യയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദിവ്യയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വെവ്വേറെ കൊലക്കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കിരണ്‍, സന എന്നീ വനിതാ തടവുകാരെ ജൂലൈ 12 ന് കോടതിയുടെ അനുമതിയില്ലാതെയും ജയില്‍ രേഖകളില്‍ രേഖപ്പെടുത്താതെയും സ്വകാര്യ വാഹനത്തില്‍ ജയിലിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ഡിഎസ്പി (നോര്‍ത്ത്) ശിവം ജോഷി പറഞ്ഞു. രണ്ടു തടവുകാരെയും അജ്മീറിലെ എആര്‍ജി സിറ്റിയിലുള്ള ദിവ്യയുടെ സ്വകാര്യ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി, അവരെക്കൊണ്ട് ഫ്‌ലാറ്റ് വൃത്തിയാക്കിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 ന് സിവില്‍ ലൈന്‍സ് പൊലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ദിവ്യയെയും ജയില്‍ ഗാര്‍ഡ് സോണിയ ചൗധരിയെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഒളിവില്‍ പോയ ദിവ്യയെ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ കോട്ടയിലെ ഒരു റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തടവുകാരെ പുറത്തു കൊണ്ടുപോകുന്നതിനെ എതിര്‍ത്തപ്പോള്‍, ജയിലിന്റെ പ്രധാന കവാടത്തിലെ വനിതാ ജീവനക്കാരെ ദിവ്യയും സോണിയയും ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു. ഇപ്പോഴും ഒളിവില്‍ കഴിയുന്ന സോണിയക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























