10-ഓളം വവ്വാലുകള്‍ ചത്തുവീണ സംഭവം: സ്രവ സാംപിള്‍ ശേഖരിച്ചു

കോഴിക്കോട് കുന്നമംഗലം, ചെത്തുകടവ് പേരടി നാഗത്താന്‍ കോട്ടയുടെ പരിസരത്ത് 10-ഓളം വവ്വാലുകള്‍ കഴിഞ്ഞ 2 ദിവസങ്ങളില്‍ ചത്തു വീണ സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും പരിശോധന നടത്തി സ്രവ സാംപിളുകള്‍ ശേഖരിച്ചു. ചത്തു വീണ ചില വവ്വാലുകളെ തെരുവ് നായ, കീരി തുടങ്ങിയ ഭക്ഷിച്ചതായി നാട്ടുകാര്‍ പറയുന്നു.
പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് ജില്ലാ മൃഗസംരക്ഷണ വകുപ്പ് എപ്പിഡെമിയോളജിസ്റ്റ് ഡോ.നിഷ ഏബ്രഹാം, കുന്നമംഗലം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ഗീത, കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി.സുരേഷ് ബാബു, ജെഎച്ച്‌ഐ ടി.സജിത്ത് എന്നിവരാണ്.
മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കണ്ണൂരിലെ ലാബിലേക്ക്, ശേഖരിച്ച സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ചത്തു വീഴുന്ന വവ്വാലുകളെ ആഴത്തില്‍ കുഴി എടുത്ത് ബ്ലീച്ചിങ് പൗഡര്‍, കുമ്മായം എന്നിവ ചേര്‍ത്ത് ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചു കുഴിച്ചു മൂടാന്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ആഴ്ച കുന്നമംഗലത്ത് ക്വാറന്റീനില്‍ കഴിയുന്ന ആളുടെ വീട്ടിലെ 5 പ്രാവുകള്‍ ചത്ത സംഭവത്തിലും സ്രവ സാംപിളുകള്‍ ശേഖരിച്ചു പരിശോധന നടത്തിയെങ്കിലും മനുഷ്യരിലേക്കു പകരുന്ന തരം വൈറല്‍ ബാധ കണ്ടെത്താനായില്ല.
പരിസരത്ത് പനി, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും ചൂട് കൂടിയത് ആയിരിക്കാം വവ്വാലുകള്‍ ചാവാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























