സ്വന്തക്കാര്‍ക്ക് ശുദ്ധജലം കിട്ടാന്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ കൃത്രിമം; ഒരു പ്രദേശം വലഞ്ഞത് വര്‍ഷങ്ങള്‍

കൊല്ലം അഞ്ചാലുംമൂടിനടുത്ത് ജല അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ കൃത്രിമം കാട്ടിയതു മൂലം ഒരു പ്രദേശമാകെ കുടിവെള്ളം കിട്ടാതെ വലഞ്ഞത് വര്‍ഷങ്ങള്‍. പ്രാക്കുളം പഞ്ചായത്തിലെ കാഞ്ഞാവെളി പമ്പ് ഹൗസില്‍ നിന്നും ഗോസ്തലക്കാവ് ഭാഗത്തേക്കുള്ള നൂറു കണക്കിനു വീടുകള്‍ക്ക് കുടിവെള്ളം ലഭ്യമായിരുന്നില്ല. പ്രദേശത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം തേടി കഴിഞ്ഞ ഒരു മാസമായി ജലഅതോറിറ്റി അധികൃതര്‍ പരിശോധന നടത്തി വരികയായിരുന്നു.
പ്രാക്കുളം പഞ്ചായത്തിലെ കാഞ്ഞാവെളി പമ്പ് ഹൗസില്‍ നിന്നും കുടിവെള്ളം കടന്നു പോയിരുന്ന 4 ഇഞ്ച് പൈപ്പ് ലൈനില്‍ റഡ്യൂസര്‍ സ്ഥാപിച്ച് ഒരു മീറ്റര്‍ ദൂരം 2 ഇഞ്ച് പൈപ്പ് ഇട്ടിരിക്കുകയായിരുന്നു. ഇതുമൂലം ഗോസ്തലക്കാവ് ഭാഗത്തേക്ക് കുടിവെള്ളമെത്തിയിരുന്നില്ല. കാഞ്ഞാവെളി മാവേലി സ്റ്റോറിനു മുന്നിലെ റോഡു വശമാണ് ഈ കൃത്രിമം നടന്നത്.
ഗോസ്തലക്കാവ് ഭാഗത്തേക്കുള്ള നൂറു കണക്കിനു വീടുകളിലേക്ക് കുടി വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിലാണ് അണ്ടര്‍ ഗ്രൗണ്ടില്‍ കൃത്രിമം കാട്ടിയിരുന്നത്. പരിശോധനയ്‌ക്കൊടുവില്‍ പൈപ്പ് ലൈന്‍ കുഴിച്ചെടുത്തതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ണിനടിയില്‍ നടത്തിയ കൃത്രിമം കണ്ടെത്തിയത്. തുടര്‍ന്നു റഡ്യൂസര്‍ ഉപയോഗിച്ചിരുന്ന ഭാഗം നീക്കി അവിടെ 4 ഇഞ്ച് പൈപ്പ് ഉപയോഗിച്ച് ലൈന്‍ ബന്ധിപ്പിച്ചതോടെ ഗോസ്തലക്കാവ് ഭാഗത്തേക്ക് കുടിവെള്ളം ലഭ്യമാക്കാനായി.
പ്രദേശവാസികളായ ചിലരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാനായാണ് സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയില്‍ ആരോ കൃത്രിമം കാട്ടിയതെന്നും ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും ജലഅതോറിറ്റി മുന്നറിയിപ്പു നല്‍കി. എന്നാല്‍ സംഭവം രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























