കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും മൃഗവേട്ടയും; വനത്തില്‍ സംയുക്ത പരിശോധന

കര്‍ണാടകയില്‍ നിന്ന് ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെ ആളുകള്‍ വയനാട് വന്യജീവി സങ്കേതത്തിലെത്തി അവിടെ നിന്ന് ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തി. കേരള-കര്‍ണാടക അതിര്‍ത്തി വനത്തിലൂടെയുളള ഒളിച്ചോട്ടവും മൃഗവേട്ടയും തടയുന്നതിനാണ് വനപാലകര്‍ വനാതിര്‍ത്തിയില്‍ സംയുക്ത പരിശോധന നടത്തിയത്.
കര്‍ണാടക വനത്തില്‍ പലേടത്തും മൃഗവേട്ട നടന്നതായും അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിന്റെയും വയനാട് വന്യജീവി സങ്കേതത്തിന്റെയും അതിര്‍ത്തിയിലൂടെ സംയുക്ത പരിശോധന നടത്തിയത്. എച്ച്.ഡി.കോട്ട, ഗുണ്ടല്‍പെട്ട് താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ജോലിക്ക് പോയി അവിടെ കുടുങ്ങിയ ഗോത്രവിഭാഗക്കാരാണ് കൂടുതലായി വനത്തിലൂടെ കടന്നെത്തുന്നത്.
പലര്‍ക്കും വനത്തിലെ ഊടുവഴികള്‍ പരിചിതമാണ്. തേനെടുക്കാനും വനവിഭവങ്ങള്‍ ശേഖരിക്കാനും വനത്തില്‍ പോകുന്ന ഇവര്‍ക്ക് വന്യമൃഗങ്ങളെയും ഭയമില്ല. വനത്തില്‍ രാത്രി താമസിക്കാനും ഇവര്‍ക്കറിയാം. കഴിഞ്ഞ ദിവസങ്ങളില്‍ നാഗര്‍ഹൊള വനത്തിലൂടെ കുടക്, എച്ച്.ഡി.കോട്ട പ്രദേശങ്ങളില്‍ നിന്ന് തൊഴിലാളികള്‍ വയനാട്ടിലെത്തിയിരുന്നു.
തൊഴിലാളികള്‍ വനപാതയെ ആശ്രയിക്കുന്നത് സംസ്ഥാനാതിര്‍ത്തിയില്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെയാണ്. കുറിച്യാട് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.രതീശന്‍, ഫോറസ്റ്റര്‍മാരായ പി.എസ്.പ്രഭാകരന്‍, പ്രശാന്ത്, മനോജ്, രാജേഷ്, സന്തോഷ്, ഷിനോജ്, ഗുണ്ടറ റേഞ്ച് ഓഫിസര്‍ ശശിധര്‍, ഡപ്യുട്ടി റേഞ്ച് ഓഫിസര്‍ കാര്‍ത്തിക്, എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha



























