നിറയെ മൃഗങ്ങളുമായി തമിഴ്‌നാട്ടില്‍ നിന്ന് ഒരു ലോറി, സംഭവത്തില്‍ ദുരൂഹത

കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഒരു ലോറി നിറയെ മൃഗങ്ങള്‍ കോട്ടയം ഉഴവൂരില്‍ എത്തിയ സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്നു ലോറിയില്‍ പോത്തുകളെയും കാളകളെയും ഉഴവൂരില്‍ എത്തിച്ച സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവയുടെ പരിശോധനകളൊന്നും നടത്താതെ തമിഴ്‌നാട് സ്വദേശി ലോറി ഡ്രൈവര്‍ രക്ഷപ്പെട്ട സംഭവത്തിലും കാര്യമായ അന്വേഷണമില്ല.
ഡോ. കെ.ആര്‍.നാരായണന്‍ സ്മാരക സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് , അനധികൃതമായി കൊണ്ടുവന്ന ഈ മൃഗങ്ങളെ നീക്കം ചെയ്യാന്‍ നടപടി ആവശ്യപ്പെട്ടു പഞ്ചായത്ത് സെക്രട്ടറിക്കു കത്തു നല്‍കി. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാംസാവശ്യത്തിനു മൃഗങ്ങളെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു കത്തില്‍ പറയുന്നു. അതിനാല്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നു നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ മറുപടി.
തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള ലോറി ശനിയാഴ്ച പുലര്‍ച്ചെയാണ് എത്തിയത്. പോത്തുകളും കാളയും ഉള്‍പ്പെടെ 12 മൃഗങ്ങളാണുണ്ടായിരുന്നത്. മാര്‍ക്കറ്റിനു സമീപം ഇവയെ ഇറക്കി. സംഭവം അറിഞ്ഞു പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. ഇതിനിടെ പരിശോധനകള്‍ക്കു തയാറാകാതെ ലോറി ഡ്രൈവര്‍ വാഹനവുമായി കടന്നുകളഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു യാത്രക്കാര്‍ക്കു പോലും വിലക്ക് നിലനില്‍ക്കെ ലോറിയില്‍ മൃഗങ്ങള്‍ എങ്ങനെയെത്തി എന്നാണു നാട്ടുകാരുടെ ചോദ്യം. ആരോഗ്യ പരിശോധന പോലും നടത്താതെ ലോറി ഡ്രൈവര്‍ പോയതും പരാതിക്കു കാരണമായിട്ടുണ്ട്. മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ രേഖകളുമായി അതിര്‍ത്തി കടന്ന ലോറി വിവിധ ജില്ലകള്‍ കടന്ന് എങ്ങനെ ഉഴവൂരില്‍ എത്തിയെന്ന ചോദ്യത്തിന് ഉത്തരമില്ല. തമിഴ്‌നാട്ടില്‍ നിന്നെത്തിയ പോത്തുകളെ എന്തു ചെയ്യുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha



























