ഇളവുകളോടെ ലോക്ഡൗണ്‍ പ്രഖ്യാപനമായിരിക്കുമോ മെയ് 3 ന് ശേഷം? രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം

ഇളവുകളോടെ ലോക്ഡൗണ്‍ പ്രഖ്യാപനമായിരിക്കുമോ മെയ് 3 ന് ശേഷം. അതോ കാര്യങ്ങള്‍ പഴയതുപോലെ ആകുമോ. ആദ്യത്തെ സാധ്യതയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ഏതായാലും പ്രധാനമന്ത്രി മനസ് തുറക്കുന്നതും കാത്തിരിക്കുകയാണ് കേരളം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം.
വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ മെയ് മൂന്നിന് ശേഷവും ലോക്ഡൗണ്‍ തുടരണമെന്ന് ചില സംസ്ഥാനങ്ങള്‍ വാദിക്കുമ്പോള്‍ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ മാത്രം ലോക്ഡൗണ്‍ നിയന്ത്രണം തുടര്‍ന്നാല്‍ മതിയെന്ന അഭിപ്രായത്തിലാണ് ഒരു വിഭാഗം സംസ്ഥാനങ്ങള്‍. നിലവില്‍ തെലങ്കാന മാത്രമാണ് മെയ് മൂന്നിന് ശേഷവും ലോക്ഡൗണ്‍ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് ഏഴ് വരെയാണ് തെലങ്കാനയില്‍ ലോക്ഡൗണ്‍. കോവിഡ് വ്യാപനം തടയുകയാണ് ലോക്ഡൗണിന്റെ ലക്ഷ്യം.
എന്നാല്‍, വ്യാപനം തടയാനായില്ലെങ്കില്‍ ലോക്ഡൗണ്‍ നീട്ടുകയാണ് മാര്‍ഗം. മെയ് മൂന്നിന് ശേഷം 15 ദിവസത്തേക്ക് കൂടിയെങ്കിലും സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ഡൗണ്‍ ദീര്‍ഘിപ്പിക്കും -മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പി പറഞ്ഞു. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത 6817 കോവിഡ് കേസുകളില്‍ 4447ഉം മുംബൈയിലാണ്. 961 കേസുകള്‍ പുനെയിലും. ലോക്ഡൗണില്‍ ഇളവ് അനുവദിക്കാമെന്ന നിലപാടിലാണ് കേരളം. നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ സോണ്‍ പ്രഖ്യാപിച്ച് ഇളവ് അനുവദിച്ചത് കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. ഏതാനും ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നേരിയ വര്‍ധനവ് ഉണ്ടായിട്ടുമുണ്ട്. അതിനിടെ സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു നല്‍കിയ ഇളവുകളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുന്നു. റെഡ് സോണ്‍ ജില്ലകളും ഹോട്‌സ്‌പോട്ട് മേഖലകളും ഒഴികെയുള്ള സ്ഥലങ്ങളില്‍ ജ്വല്ലറികള്‍, ശീതീകരിച്ച വലിയ തുണിക്കടകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ ഒഴികെയുള്ളവ തുറക്കാമെന്ന് കലക്ടര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കി. ഔദ്യോഗിക അറിയിപ്പ് കലക്ടര്‍മാര്‍ക്ക് ലഭിക്കാത്തത് ഇന്നും ആശയക്കുഴപ്പം തുടരുന്നതിനു കാരണമായേക്കും. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള ഹോട്‌സ്‌പോടിലേയും, റെഡ്‌സോണിലേയും ഒഴിച്ചുള്ള കടകള്‍ തുറക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കേരളത്തില്‍ ഗ്രാമ, നഗരമേഖലാവ്യത്യാസമില്ലാതെ കടകള്‍ തുറക്കാമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെങ്കിലും സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മേഖലകളിലും വ്യത്യസ്ത നിര്‍ദേശങ്ങളാണ് നല്‍കിയത്. ഇതു പലയിടത്തും ആശയക്കുഴപ്പമുണ്ടാക്കി. ഉത്തരവുപ്രകാരമുള്ള കടകള്‍ തുറക്കാനുള്ള ശ്രമം പലയിടത്തും പൊലീസ് തടഞ്ഞു. ഇതോടെയാണ് ജ്വല്ലറികളും ശീതികരിച്ച തുണിക്കടകളും തുറക്കേണ്ടെന്നു സര്‍ക്കാര്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ശീതികരിച്ച മുറികള്‍ രോഗവ്യാപനത്തിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍.റെഡ് സോണ്‍ ജില്ലകളിലെ സാഹചര്യം പരിശോധിച്ച് കലക്ടര്‍മാര്‍ക്ക് ഇളവുകള്‍ നല്‍കാം.ചെറിയ കടകള്‍ തുറന്നശേഷമുള്ള പ്രതികരണം അറിഞ്ഞശേഷം മറ്റു കടകള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. തുറക്കുന്ന കടകള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടെങ്കില്‍ അടപ്പിക്കും. കടയുടമയും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും മുഖാവരണം ധരിക്കണമെന്നു നിര്‍ബന്ധമാക്കിയിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്കു മുന്നില്‍ സാനിറ്റൈസറോ, കൈ കഴുകുന്നതിനുള്ള സംവിധാനമോ ഏര്‍പ്പെടുത്തണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























