ചാലക്കുടി അടിപ്പാത നിര്‍മാണം അനിശ്ചിതാവസ്ഥയില്‍

ചാലക്കുടിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതാണ് ദേശീയപാത നഗരസഭ ജംഗ്ഷനു സമീപം നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണ സ്തംഭനം. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍മാണം ആരംഭിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോള്‍ പണി നിര്‍ത്തിവച്ചു.
ദേശീയപാതയുടെ കരാറുകാരായ കെഎംസിക്കു വേണ്ടി യുണിക് ആന്‍ഡ് ടെക്‌നോഭാരതിയാണു നിര്‍മാണ ജോലികളുടെ ഉപകരാര്‍ ഏറ്റെടുത്തത്. 8.5 കോടിയുടേതായിരുന്നു കരാര്‍. ആറുമാസം കൊണ്ട് പണിപൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ബില്‍തുക കിട്ടാതെ വന്നപ്പോള്‍ ഉപകരാറുകാര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു.
പണി ഉടനെ ആരംഭിക്കുമെന്ന തീരുമാനമെടുക്കുന്നതല്ലാതെ നിരവധി തവണ മന്ത്രിതലത്തിലും മറ്റും നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഒടുവില്‍ ബെന്നി ബഹനാന്‍ എംപി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ നിര്‍മാണം പുരാരംഭിക്കുമെന്നായിരുന്നു തീരുമാനം. കഴിഞ്ഞ നവംബര്‍ 18-നു പൊതുമരാമത്തു മന്ത്രി വീണ്ടും യോഗം വിളിച്ചു. ഉപകരാറുകാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള ഒരുകോടി രൂപയുടെ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കാന്‍ ധാരണയിലായി. തര്‍ക്കങ്ങളും ചര്‍ച്ചകളും നീണ്ടുപോയപ്പോള്‍ കരാര്‍ കമ്പിനി എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു.
പുതുക്കിയ എസ്റ്റിമേറ്റ് 24 കോടിയായി ഉയര്‍ന്നു. ഇനി എസ്റ്റിമേറ്റിനു അംഗീകാരം ലഭിക്കാതെ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയല്ല എന്നായി എന്‍എച്ച്എഐ ഉദ്യോഗസ്ഥരുടെ നിലപാട്. കഴിഞ്ഞ ജനുവരിയില്‍ 24 കോടിയായി ഉയര്‍ത്തിയ എസ്റ്റിമേറ്റിനായി അംഗീകാരവും ലഭിച്ചു. എന്നാല്‍ വിരലിലെണ്ണാവുന്ന ജീവനക്കാരെത്തി നേരത്തെ ഉയര്‍ത്തിവച്ച കമ്പികള്‍ മാറ്റി തുടങ്ങിയതായിരുന്നു. അപ്പോഴേയ്ക്കും കൊറോണ എത്തി. ഇതോടെ അടിപ്പാത നിര്‍മാണം വീണ്ടും സ്തംഭനാവസ്ഥയിലായി.
അടിപ്പാത നിര്‍മാണം വൈകുന്നതില്‍ എംപിയും എംഎല്‍എയും അടക്കം ജനപ്രതിനിധികള്‍ പ്രതിഷേധ ധര്‍ണവരെ നടത്തിയിരുന്നു. ഇനി അടിപ്പാത നിര്‍മാണം എന്ന് ആരംഭിക്കുമെന്നതിന് ഒരു നിശ്ചയവുമില്ല.
https://www.facebook.com/Malayalivartha



























