അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും. പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള ജോലികൾ പിന്നീട് നടക്കുന്നതാണ്. തുലാമാസ പൂജകൾക്കായി നടതുറന്നിരിക്കുന്ന ദിവസങ്ങളിലും മണ്ഡല തീർത്ഥാടന കാലത്തേക്കുമുള്ള കരുതൽ ശേഖരമാണ് നിർമ്മിക്കുന്നത്.
അരവണ പ്ലാന്റ്, സ്‌റ്റോർ, ഗോഡൗൺ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. കഴിഞ്ഞ വർഷം ആറു ലക്ഷത്തിനടുത്ത് അരവണയാണ് തീർത്ഥാടനകാലത്ത് ചെലവായത്. ഇക്കുറി അതിൽ കൂടുതൽ വേണ്ടിവരും. തീർത്ഥാടനത്തിനു മുമ്പ് 75 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഉറപ്പുനൽകിയിരുന്നു.
ഇത്രയും അളവിൽ അരവണ നിർമ്മിക്കണമെങ്കിൽ പുതിയ കരാർ പ്രകാരം അരി എത്തിക്കണം. ഇതിനായി ടെൻഡർ നൽകിയിരുന്നെങ്കിലും ദേവസ്വം ബോർഡ് എഗ്രിമെന്റ് ഒപ്പിടാത്തതിനാൽ പുതിയ കരാറുകാരന് അരിയെത്തിക്കാൻ കഴിയുന്നില്ല. നടപടികൾ വേഗം പൂർത്തിയാക്കി അരിയെത്തിച്ചില്ലെങ്കിൽ അരവണ നിർമ്മാണം വീണ്ടും പ്രതിസന്ധിയിലാകും.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറും ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാറും ഇന്ന് സന്നിധാനത്തെത്തി തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതാണ്. അരവണ നിർമ്മാണത്തിനാവശ്യമായ സാധനങ്ങളുടെ ശേഖരം സംബന്ധിച്ച കണക്കെടുപ്പും നടത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha



























