മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബിൽ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയിൽ അവതരിപ്പിക്കുക. വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
വയോജനങ്ങളെ വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നുവർഷം വരെ തടവും അൻപതിനായിരം രൂപ പിഴയും ബില്ലിൽ ശുപാർശ ചെയ്യുന്നു.
ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമപരമായ അവകാശികൾ എന്നിവർ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ മുതിർന്നവരെ അവരുടെ അനുമതിയില്ലാതെ എത്തിക്കുന്നതും കുറ്റകരമായിരിക്കും.
കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണകേന്ദ്രത്തിലെ ജീവനക്കാരോ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും '(മുതിർന്ന പൗരരുടെ പരിചരണവും അവകാശ സംരക്ഷണവും)' ബില്ലിൽ നിർദേശിക്കുന്നു.
പരിചരണകേന്ദ്രത്തിന്റെ നടത്തിപ്പുകാർ അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തിയാലും മൂന്നുവർഷംവരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രജിസ്ട്രേഷൻ ഇല്ലാതെ പരിചരണകേന്ദ്രം നടത്തിയാൽ ഒരുവർഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
"
https://www.facebook.com/Malayalivartha



























