പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം കുളമായി; നേതൃത്വം നല്‍കാന്‍ ആരുമില്ല; മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മലയാളികള്‍ ക്വാറന്റീന്‍ സ്ഥലത്തെത്താന്‍ നാടുചുറ്റുന്നു; പടിക്കല്‍ കലമുടക്കുമോ കേരളം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവര്‍ ക്വാറന്റീനില്‍ പോകേണ്ട സ്ഥലങ്ങള്‍ എവിടെയെന്നു കൃത്യമായി കാണിച്ചുകൊടുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍തന്നെ നിരീക്ഷണത്തില്‍ പോകേണ്ടവര്‍ തന്നെ എവിടെയാണ് ക്വാറന്റീന്‍ സംവിധാനമെന്ന് തിരഞ്ഞു നടക്കേണ്ട അവസ്ഥയാണ് . ഇത് സൃഷ്ടിക്കുന്ന ഭീതി ചെറുതൊന്നുമല്ല.
ബൈക്കുകളില്‍ പോലും ആളുകള്‍ നിരീക്ഷണകേന്ദ്രത്തിലേക്കു വഴി ചോദിച്ച് എത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ആളുകളില്‍ പനി ഉള്ളവരെ ആശുപത്രിയിലേക്കു മാറ്റാന്‍ ഇന്നലെ ആംബുലന്‍സ് എത്തിയതും വഴി തെറ്റി മറ്റൊരിടത്താണെന്നുള്ളതും. പ്രവര്‍ത്തനങ്ങള്‍ കൃത്യമായി കോഡിനേറ്റ് ചെയ്യപ്പെടുന്നില്ല എന്നതിന് ഉദാഹരണമാണ്.
അതേസമയം, കേരളത്തിലെ ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പെട്ട മറ്റു ജില്ലകളില്‍ നിന്നും വരുന്നവര്‍ തൃശൂരില്‍ നിരീക്ഷണത്തില്‍ പോകേണ്ടതില്ല എന്ന ഉറപ്പു വിശ്വസിച്ച് ഇവിടെ എത്തിയ പലരോടും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉണ്ട്.
ഇവര്‍ക്ക് നിരീക്ഷണത്തിന്റെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും തങ്ങള്‍ക്ക് അത്തരത്തില്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നു പറഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകാന്‍ ശഠിക്കുന്നതായാണു പരാതി.
വാളയാര്‍ ചെക് പോസ്റ്റില്‍ നിന്ന് ഇവര്‍ കഴിയേണ്ട സ്ഥലം ഏതെന്ന് എഴുതി നല്‍കുന്നുണ്ട്. എഴുതിക്കൊടുത്തിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിലും വലിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ട്. കുട്ടനെല്ലൂരിലെ പി.സി. തോമസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണമെന്നു നിര്‍ദേശിക്കപ്പെട്ടവര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു വഴി ചോദിക്കുമ്പോള്‍ പലരും ഇളംതുരുത്തിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള വഴിയാണു പറഞ്ഞുകൊടുക്കുന്നത്. ഗൂഗിളില്‍ തിരയുമ്പോള്‍ ഇളംതുരുത്തിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ആദ്യം ലഭിക്കുന്നത്.
ഇവിടേക്ക് ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് എത്തുന്നവര്‍ ഇവിടെ എത്തി നിരീക്ഷണകേന്ദ്രങ്ങള്‍ അന്വേഷിച്ച് വ്യാപാര കേന്ദ്രങ്ങളിലും വീടുകളിലും മറ്റും കയറിയിറങ്ങുകയാണ്. ചെക് പോസ്റ്റില്‍ നിന്നു വിടുന്ന ആളുകളെ സംബന്ധിച്ച് നിരീക്ഷണ കേന്ദ്രത്തിലേക്കു വിവരം നല്‍കി അവരെ സ്വീകരിക്കുന്ന സംവിധാനം ഇല്ലാത്തതു നാട്ടുകാര്‍ക്ക് തലവേദനയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























