എംസി റോഡില് പുതിയ പരിശോധന സംവിധാനം നടപ്പാക്കുന്നു, അമിത വേഗതയില് പായുന്നവരും നിയമ ലംഘനങ്ങള് നടത്തുന്നവരും സൂക്ഷിക്കുക

മോട്ടര് വാഹന വകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില് എംസി റോഡില് പുതിയ പരിശോധന സംവിധാനം നടപ്പാക്കുന്നു. എംസി റോഡിലെ സുരക്ഷ ഇടനാഴിയായി കണ്ടെത്തിയ കഴക്കൂട്ടം മുതല് അടൂര് വരെയുള്ള ഭാഗങ്ങളില് അപകടങ്ങള് കുറയ്ക്കുന്നതിനാണു പുതിയ പരിശോധന സംവിധാനം നടപ്പാക്കുന്നത്. ഇതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ വാഹനങ്ങള് കെഎസ്ടിപി ഇവര്ക്കു നല്കും.
സുരക്ഷാ ഇടനാഴിയായി കണ്ടെത്തിയ സ്ഥലങ്ങളില്, കെഎസ്ടിപി നല്കിയിട്ടുള്ള രാജ്യാന്തര നിലവാരത്തിലുള്ള പരിശോധന സംവിധാനങ്ങളോടു കൂടിയ 9 വാഹനങ്ങളും 4 മോട്ടര് ബൈക്കുകളും ഉപയോഗിച്ചു പരിശോധന നടത്തും. വാഹനങ്ങളുടെ റജിസ്ട്രേഷന് നടപടികള് പൂര്ത്തിയായി. ജൂണ് മുതല് ഇതിന്റെ പ്രവര്ത്തനം ആരംഭിക്കുമെന്നാണു സൂചന. അമിത വേഗം, സീറ്റ് ബെല്റ്റ്, ഹെല്മറ്റ് എന്നിവ ഇല്ലാതെ വാഹനം ഓടിക്കല്, റോഡിലെ മാര്ക്കിങ് മറികടക്കല്, തെറ്റായ ഓവര്ടേക്കിങ്, മദ്യപിച്ചു വാഹനം ഓടിക്കല് ഇവയിലെയെല്ലാം ഇനി പിടിവീഴും.
അപകടങ്ങള് കുറയ്ക്കാന് സുരക്ഷ ഇടനാഴിയായി കണ്ടെത്തിയ സ്ഥലങ്ങളില് നടപ്പാക്കേണ്ട സംവിധാനങ്ങളെ കുറിച്ചു ഇംഗ്ലണ്ട് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ടിആര്എല് കമ്പനി പഠനം നടത്തി റിപ്പോര്ട്ട് കെഎസ്ടിപിക്കു നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് പുതിയ വാഹനങ്ങള് നല്കി പരിശോധനകള് കര്ശനമാക്കുന്നത്. 6 വാഹനങ്ങളും 4 ബൈക്കുകളും പൊലീസിനും 3 വാഹനങ്ങള് മോട്ടര് വാഹന വകുപ്പിനും നല്കും. പോത്തന്കോട്, വെഞ്ഞാറംമൂട്, കിളിമാനൂര്, ചടയമംഗലം, കൊട്ടാരക്കര, അടൂര് പൊലീസ് സ്റ്റേഷനുകളിലേക്കാണു വാഹനങ്ങള് നല്കുന്നത്.
80 കിലോമീറ്ററാണു സുരക്ഷ ഇടനാഴിയായി കണ്ടെത്തിയിരിക്കുന്നത്. ഓരോ 20 കിലോമീറ്ററിനുള്ളില് ബൈക്കുകളിലും പരിശോധന ഉണ്ടാകും.രാജ്യാന്തര നിലവാരത്തില് വാഹന പരിശോധന നടത്തുന്നതിനു ടിആര്എല്ലിന്റെ നേതൃത്വത്തില് മോട്ടര് വാഹനവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്ക്കു പരിശീലനം നല്കിയിരുന്നു. ഇതില് നിന്നു തിരഞ്ഞെടുക്കുന്നവരെയാണു പുതിയ പരിശോധന സംഘത്തില് നിയമിക്കുന്നത്.
https://www.facebook.com/Malayalivartha

























