തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നു വൈകുന്നേരത്തോടെ തുലാവര്ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്തെ എട്ടു ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും യെല്ലോ അലര്ട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 40 km വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇടിമിന്നല് അപകടകാരികളായതിനാല് ജനങ്ങള് ജാഗ്രത പാലിക്കേണ്ടതാണ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കുകയും ചെയ്യുക. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
∙ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കുക. അപകടാവസ്ഥ മുന്നിൽ കാണുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.
"
https://www.facebook.com/Malayalivartha

























