സഹകരണ ബാങ്കിനുള്ളില്‍ വച്ച് താത്കാലിക ജീവനക്കാരി സ്വയം തീകൊളുത്തി മരിച്ചു
സഹകരണ ബാങ്കിനുള്ളില്‍ വച്ച് താത്കാലിക ജീവനക്കാരി സ്വയം തീകൊളുത്തി മരിച്ചു. ജോലിയിൽ സ്ഥിരപ്പെടുത്താത്തതിലുള്ള പ്രതിഷേധത്തിലാണ് ജീവനൊടുക്കിയത്. പൂതക്കുളം സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ പൂതക്കുളം പന്നിവിള കിഴക്കതില്‍ അയ്യപ്പന്റെ ഭാര്യ സത്യദേവിയാണ്(55) ഇന്ന് ഉച്ചയ്ക്ക് ബാങ്കിനുള്ളില്‍ വച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വര്‍ഷങ്ങളായി കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന സത്യദേവിയെ സ്ഥിരപ്പെടുത്തുന്നതിനെ ചൊല്ലി തര്‍ക്കവും കോടതി നടപടികളും നടന്നുവന്നിരുന്നതാണ്. സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ ബാങ്ക് സ്ഥിരപ്പെടുത്തുകയുണ്ടായി. ഇതിനെതിരെ സത്യദേവി ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധി നേടിയെങ്കിലും സ്ഥിരപ്പെടുത്തിയ ജീവനക്കാരന് ഹൈക്കോടതിയില്‍ നിന്നും ഇതിന് സ്റ്റേ ഉത്തരവ് വാങ്ങി. ഇതിന്റെ പ്രതിഷേധത്തിലാണ് സത്യദേവി ഉച്ചയ്ക്ക് പെട്രോളുമായി ബാങ്കിലേക്ക് എത്തിയത്. ജീവനക്കാരുമായി സംസാരിച്ചു നില്‍ക്കുന്നതിനിടയിലാണ് പെട്രോള്‍ ശരീരത്തേക്ക് ഒഴിച്ച് തീ കൊളുത്തിയത്.
തീ ആളിപ്പടര്‍ന്നതോടെ മറ്റ് ജീവനക്കാര്‍ ഓടി പുറത്തേക്കിറങ്ങി. തീ കെടുത്താനുള്ള ശ്രമങ്ങളും ഫലംകണ്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അനൂപ്, അശ്വനി എന്നിവരാണ് സത്യദേവിയുടെ മക്കള്‍.
https://www.facebook.com/Malayalivartha