ജപ്പാനില് ട്രെയിന് തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്ക്ക് കൈമാറി

ജപ്പാനില് ട്രെയിന് തട്ടി മരിച്ച ഗിഫു പ്രവിശ്യയില് നഴ്സിംഗ് കെയര് അസിസ്റ്റന്റായ കണ്ണൂര് പടിയൂര് സ്വദേശി ദേവികയുടെ ചിതാഭസ്മം വീട്ടുകാര്ക്ക് കൈമാറി. ഇരിക്കൂര് എംഎല്എ സജീവ് ജോസഫാണ് ചിതാഭസ്മം കൈമാറിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടുകാര്ക്ക് സംസ്കാര ചടങ്ങുകള്ക്കായി ജപ്പാനിലേക്ക് പോകാന് കഴിഞ്ഞിരുന്നില്ല. ജപ്പാനില് നിന്ന് വ്യാഴാഴ്ച പുലര്ച്ചെ 2.30ഓടെ വിമാനമാര്ഗം തിരുവനന്തപുരത്ത് എത്തിച്ച ചിതാഭസ്മം നോര്ക്ക റൂട്ട്സ് അധികൃതര് ഏറ്റുവാങ്ങി ട്രെയിന് മാര്ഗമാണ് കണ്ണൂരിലെത്തിച്ചത്.
ഗിഫു പ്രവിശ്യയില് നഴ്സിംഗ് കെയര് അസിസ്റ്റന്റായിരുന്ന ദേവിക സെപ്തംബര് രണ്ടിനാണ് ട്രെയിന് തട്ടി മരിച്ചത്. ലാബ് ടെക്നീഷ്യന് കോഴ്സ് പൂര്ത്തിയാക്കിയ ദേവിക ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തില് ആറ് മാസം മുമ്പാണ് ജോലിയില് പ്രവേശിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. എന്നാല്, അതിന്റെ കാരണം എന്താണെന്നത് വ്യക്തമല്ല. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാലാണ് സംസ്കാരം ജപ്പാനില് തന്നെ നടത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാന് കഴിയാത്ത സാഹചര്യത്തില് കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന് എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള് എന്നിവരുടെ സഹായത്തോടെയാണ് ജപ്പാനില് സംസ്കാരം നടത്തിയത്
https://www.facebook.com/Malayalivartha



























