രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത തിരംഗ മാര്ച്ചിന് തൊട്ടുമുമ്പ് എഐഎസ്എ പ്രസിഡന്റ് നേഹ ബോറയെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സിജെപി അദ്ധ്യക്ഷന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് നേഹ ബോറയ്ക്കെതിരെയും നടപടിയുണ്ടായത്.
കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കിലേക്കും ജന്തര് മന്ദറിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാന് നീക്കമുണ്ടായിരുന്ന സാഹചര്യത്തില് മേഖലയില് കനത്ത പൊലീസ് സന്നാഹമാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. പൊലീസ് വിലക്ക് മറികടന്ന് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് സിജെപിയുടെ നിലപാട്. പ്രതിഷേധത്തില് ആം ആദ്മി പാര്ട്ടി (എഎപി) പ്രവര്ത്തകരും ഇടത് സംഘടനകളും പങ്കുചേര്ന്നിട്ടുണ്ട്. ദേശീയപതാകയേന്തിയാണ് സിജെപി പ്രവര്ത്തകര് മാര്ച്ചിനെത്തിയത്.
നേഹ ബോറയുള്പ്പെടെ വിവിധ സംഘടനകളുടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്ട്ട്. പ്രതിഷേധം ശക്തമായതോടെ കൊണാട്ട് പ്ലേസില് സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്. പൊലീസ് നടപടിയുടെയും കസ്റ്റഡിയിലെടുത്ത നേതാക്കളുടെയും തുടര്നടപടികള് സംബന്ധിച്ച കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha



























