പ്രിൻസിപ്പൽ അച്ചനെ അറസ്റ്റ് ചെയ്യണം, ഇല്ലെങ്കിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക്..!

കാഞ്ഞിരപ്പള്ളിയിലെ ബി.കോം വിദ്യാർത്ഥിനി കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ (20) ദുരൂഹ മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിലെ പ്രിൻസിപ്പൽ ഫാ.ജോസഫ് ഞാറക്കാട്ടിലിനെ അറസ്റ്റ് ചെയ്യണമെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെയും, ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയന്റെയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് ഹൈറേഞ്ച് യൂണിയൻ ഒരുങ്ങുന്നത്.
കോളേജ് പ്രിൻസിപ്പലായ വൈദികനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ, കുട്ടിയുടെ മൃതദേഹം സ്വീകരിക്കില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു വിട്ടു നൽകുമെന്നുമാണ് ഇപ്പോൾ കുട്ടിയുടെ ബന്ധുക്കലുടെ തീരുമാനം. പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടിയെ, കോളേജിലെ തന്നെ അഞ്ചു റാങ്കുകളിൽ ഒന്നു നേടിയിരുന്ന പെൺകുട്ടിയെ കോപ്പിയടിക്കാരിയായി ചിത്രീകരിച്ച് മാനസികമായി തകർക്കാനുള്ള ശ്രമമാണ് കോളേജ് അധികൃതർ നടത്തിയിരിക്കുന്നത്. ഇത് കൂരതയാണ്. ഒരു പെൺകുട്ടിയെ അപമാനിച്ച് കൊലയ്ക്കു കൊടുത്ത സംഘത്തിനെതിരെ ശക്തമായ നടപടിയുണ്ടാകണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം കാഞ്ഞിരപ്പള്ളിയിൽ എസ്.എൻ.ഡി.പി മീനച്ചിൽ യൂണിയൻ അംഗങ്ങൾ ചൊവ്വാഴ്ച രാവിലെ പത്തിന് പത്രസമ്മേളനം നടത്തും. ഈ പത്രസമ്മേളനത്തിൽ ഇതു സംബന്ധിച്ചുള്ള വ്യക്തമായ തീരുമാനം ഉണ്ടാകൂ. ഈ പത്രസമ്മേളനത്തിനു മുൻപ് വൈദികനെതിരെ കേസെടുത്ത്, ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ നേതാക്കൾ അറിയിച്ചു. ഇതിനു ശേഷം മാത്രമേ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി എത്തൂ.
https://www.facebook.com/Malayalivartha

























