മെഡിക്കല് വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ആരാധനാലയങ്ങള് തുറന്നതെന്ന് ആരോപണം

കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുമെന്ന മെഡിക്കല് വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്ക്കാര് ആരാധനാലയങ്ങളും മാളുകളും തുറക്കാന് തീരുമാനിച്ചതെന്ന് പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.കെ. ശൈലജയുടെയും സാന്നിധ്യത്തില് 5-ന് നടന്ന ഉന്നതതല യോഗത്തിലാണു വിദഗ്ധ സംഘം ഇക്കാര്യം അവതരിപ്പിച്ചത്.
രോഗികളുടെ എണ്ണം വര്ദ്ധിക്കുന്ന സാഹചര്യം ഉണ്ടായാല് കേരളത്തിലെ ആരോഗ്യമേഖല സമ്മര്ദത്തിലാകുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. ആശുപത്രികള് രോഗികളെക്കൊണ്ടു നിറഞ്ഞാല് ഭരണകൂടത്തിനു പകച്ചു നില്ക്കേണ്ടി വരും. അതുകൊണ്ട് ആരാധനാലയങ്ങളും മാളുകളും തുറന്ന് രോഗികളുടെ എണ്ണം വര്ധിപ്പിക്കരുതെന്നു സമിതി ചെയര്മാന് ബി. ഇക്ബാല് യോഗത്തെ അറിയിച്ചു.
ഇക്കാര്യത്തില് ഇന്ത്യന് മെഡിക്കല് അസോസിയേഷന്റെ അഭിപ്രായം ശരിയാണെന്നും അഭിപ്രായമുയര്ന്നു. എന്നാല് സമിതിയുടെ മുന്നറിയിപ്പ് തള്ളി ആരാധനാലയങ്ങളും മാളുകളും തുറക്കാമെന്ന കേന്ദ്ര നിര്ദേശം നടപ്പാക്കുമെന്നു യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവര് വീടുകളിലെ ക്വാറന്റീന് ലംഘിച്ചു പുറത്തിറങ്ങുന്നതു വലിയ ഭീഷണിയാണ്. ഇവരുമായി സമ്പര്ക്കത്തില് ഏര്പ്പെടുന്നവര് രോഗികളാകും. നിയന്ത്രണങ്ങള് പാലിക്കാതെ ആളുകള് കൂട്ടംകൂടുന്നതാണു രോഗം ക്രമാതീതമായി വര്ധിപ്പിച്ചത്. കേരളത്തിലും ഇപ്പോള് സമാന അവസ്ഥയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
വൈറസിന്റെ സ്രോതസ്സ് സ്ഥിരീകരിക്കാന് കഴിയാത്ത രോഗികളുടെ എണ്ണം വര്ധിച്ചു വരുന്നതിനാല് സമൂഹവ്യാപനം നടക്കുന്നു എന്നു കരുതണമെന്ന് വിദഗ്ധസമിതി മുഖ്യമന്ത്രിയെ അറിയിച്ചു.
https://www.facebook.com/Malayalivartha



























