കോളേജിനെതിരെ അന്വേഷണസമിതി... ഹാള് ടിക്കറ്റിന് പിന്നില് ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ച..

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജില് ബിരുദവിദ്യാര്ത്ഥി ആയിരുന്നു പൊടിമറ്റം സ്വദേശിയായ അഞ്ജു ഷാജി. പഠനത്തില് മിടുക്കിയായിരുന്നെന്ന് കുടുംബവും സഹപാഠികളും പറയുന്നു. ആദ്യ രണ്ടു സെമസ്റ്ററിലും പരീക്ഷകളില് നല്ല മാര്ക്ക് വാങ്ങിയ കുട്ടിയാണെന്ന് സെന്റ് ആന്റണീസ് കോളേജിലെ അധ്യാപകര് പറയുന്നു. അങ്ങനെയുള്ള അഞ്ജുവിനെയാണ് പരീക്ഷാ ഹാളില് നിന്ന് കാണാതായതും മീനച്ചിലാറ്റില് മരിച്ച നിലയില് കണ്ടെത്തിയതും. പഠിക്കുന്നത് പാരലല് കോളേജിലാതയിനാലാണ് അഞ്ജു പരീക്ഷയെഴുതാന് പാലാ ചേര്പ്പുങ്കല് ഹോളിക്രോസ് കോളേജിലെത്തിയത്. പരീക്ഷ തുടങ്ങി മുക്കാല് മണിക്കൂറിനു ശേഷമാണ് അഞ്ജുവിനെ പരീക്ഷാ ഹാളില് നിന്ന് പുറത്താക്കിയത്.
ഇത്തരത്തില് കോപ്പിയടിച്ചെന്ന ആരോപണത്തില് വിദ്യാര്ത്ഥി മരിച്ച സംഭവത്തില് ചേര്പ്പുങ്കല് ബിവിഎം കോളേജിനെതിരെ എംജി സര്വകലാശാല അന്വേഷണ സമിതി. ഹാള് ടിക്കറ്റിന് പിന്നില് ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്.
പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകള് കണ്ടെത്തിയാല് വിദ്യാര്ത്ഥിയെ പിന്നെ ക്ലാസില് ഇരുത്താന് പാടില്ലെന്നാണ് സര്വകലാശാല ചട്ടമെന്നും ബിവിഎം കോളേജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്ത്തിയെന്നും അന്വേഷണസമിതിയുടെ വിലയിരുത്തല്.
ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിന്ഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാന്സലര്ക്ക് റിപ്പോര്ട്ട് നല്കും. ഡോ.എംഎസ് മുരളി,ഡോ. അജി സി പണിക്കര്,പ്രൊഫസര് വിഎസ് പ്രവീണ്കുമാര് എന്നിവരാണ് സര്വകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങള്. അന്വേഷണസംഘം ഇന്നലെ രാവിലെ കോളേജലെത്തി വിവരം ശേഖരിച്ചിരുന്നു.
അതേസമയം അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള് അഞ്ജുവിന്േറതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള് കാഞ്ഞിരപ്പള്ളിയിലെ വീട്ടില് നിന്നും പൊലീസ് ശേഖരിച്ചു.
നോട്ട്ബുക്കും ഹാള്ടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറന്സിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളില് ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തില് വ്യക്തത വരും. അതേസമയം അഞ്ജു ഷാജി ചാടിയെന്ന് സംശയിക്കുന്ന ചേര്പ്പുങ്കല് പാലത്തില് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില് പരിശോധന നടത്തി.
അഞ്ജു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണം ശരിയാണോ അങ്ങനെയാണെങ്കില് തന്നെ കോളേജ് അധികൃതര് സ്വീകരിച്ച സമീപനം ശരിയാണോ പരീക്ഷാ ഹാളില് നിന്ന് അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരില് പുറത്താക്കപ്പെട്ടാല് ആത്മഹത്യ മാത്രമായിരുന്നോ അഞ്ജുവിന് മുന്നിലെ പോംവഴി തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ബാക്കിയാകുന്നത്.
https://www.facebook.com/Malayalivartha



























