ഉത്രയുടെ രക്തത്തിൽ പങ്കുള്ളവർ ഇനിയും ? നെറ്റിയും വസ്ത്രങ്ങളും ഉത്തരം നൽകുമ്പോൾ; അപ്രതീക്ഷിത നീക്കവുമായി അന്വേഷണ സംഘം

ഉത്രയുടെ മരണം അന്വേഷിക്കുന്ന സംഘം നീങ്ങുന്നത് മറ്റൊരു തലത്തിലേക്കാണ് . ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നറിയാൻ ടവർ പരിശോധന നടത്താനാണ് സൈബർ പൊലീസിന്റെ പുതിയ നീക്കം . മരണം നടക്കുന്ന സമയത്തും അതിനടുത്ത ദിനങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനാണു ടവർ വിവരങ്ങൾ ശേഖരിക്കുന്നത് . കേസിൽ പ്രതികളായ സൂരജിന്റെയും പാമ്പു പിടുത്തക്കാരൻ സുരേഷിന്റെയും അടക്കം ഫോണുകൾ നിലവിൽ പൊലീസിന്റെ കയ്യിലാണ് ഉള്ളത് . മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രത്തിൽ പാമ്പിന്റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി വസ്ത്രങ്ങൾ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് അയച്ചു കൊടുത്തിരുന്നു . കോടതിയുടെ അനുമതിയോടെ നൈറ്റിയും പാവാടയും കിടക്കവിരിയുമായിരുന്നു നൽകിയത്.
സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കൊണ്ടു വന്ന അതേ പാമ്പാണ് ഉത്രയെ കടിച്ചതെന്നു ശാസ്ത്രീയ പരിശോധനയിൽ തെളിയുകയും ചെയ്തിരുന്നു . ഉത്രയുടെ വസ്ത്രങ്ങളിലും പാമ്പിന്റെ ശരീര സാംപിളുകൾ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം . പ്ലാസ്റ്റിക് ടിന്നിൽ നിന്ന് ഉത്രയുടെ ശരീരത്തിലേക്ക് സൂരജ് പാമ്പിനെ വിടുകയായിരുന്നു. ശരീരത്തിലൂടെ ഇഴഞ്ഞ് ഇടതു കൈത്തണ്ടയിൽ പാമ്പ് കൊത്തുകയും ചെയ്തു . നാല് മുറിവുകൾ ഉണ്ടായിരുന്നു . ഉറക്കഗുളിക നൽകി ബോധം കെടുത്തിയതിനാൽ പാമ്പ് കടിച്ച വിവരം ഉത്ര അറിഞ്ഞില്ലെന്നാണ് സൂരജ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കേസിൽ രണ്ടാംഘട്ട അന്വേഷണവും തുടങ്ങി. അഡീഷനൽ എസ്പിയായി എസ്. മധുസൂദനൻ ആണ് ചുമതലയേറ്റിരിക്കുന്നത് .
https://www.facebook.com/Malayalivartha



























