ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും സി.പി.എം പാനൂര് ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന് അന്തരിച്ചു... വയറ്റില് അണുബാധ മൂര്ച്ഛിച്ചതിനെതുടര്ന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു, കഴിഞ്ഞ രാത്രിയോടെയായിരുന്നു അന്ത്യം

ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും സി.പി.എം പാനൂര് ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന് (72) നിര്യാതനായി. കടുത്ത അസുഖത്തെതുടര്ന്ന് കഴിഞ്ഞവര്ഷം ജനുവരി മുതല് തിരുവനന്തപുരം ആര്.സി.സിയിലും മെഡിക്കല് കോളജിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച വയറ്റില് അണുബാധ മൂര്ച്ഛിച്ചതിനെതുടര്ന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു അന്ത്യം. ടി.പി വധക്കേസില് 13ാം പ്രതിയായിരുന്ന കുഞ്ഞനന്തന് ശിക്ഷ അനുഭവിക്കവെയാണ് പാനൂര് ഏരിയ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
കുഞ്ഞനന്തന് കേസില് പങ്കില്ലെന്ന നിലപാട് സി.പി.എം നേതൃത്വം അന്ന് സ്വീകരിച്ചത് വിവാദമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പാറാട് ടൗണില് പ്രകടനത്തിന് നേതൃത്വം നല്കിയതിന് കേസില് പ്രതിയായി. 15 വര്ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല് സെക്രട്ടറിയായി പ്രവര്ത്തിച്ചു. കര്ഷകത്തൊഴിലാളി യൂനിയന് ജില്ല കമ്മിറ്റിയംഗമായും പ്രവര്ത്തിച്ചു.1980 മുതല് പാനൂര് ഏരിയാ കമ്മിറ്റി അംഗമാണ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ട് മുതല് ഒമ്പത് വരെ സി.പി.എം പാനൂര് ഏരിയ കമ്മിറ്റി ഓഫിസായ രാജു മാസ്റ്റര് സ്മാരക മന്ദിരത്തില് പൊതുദര്ശനത്തിന് വെക്കും. 9.30 മുതല് 11 മണി വരെ പാറാട് ടൗണിലും. തുടര്ന്ന് 12 മണിക്ക് വീട്ടുവളപ്പില് സംസ്കരിക്കും.
https://www.facebook.com/Malayalivartha


























