ക്വാറിയിലെ സ്ഫോടനത്തില് പ്രദേശത്തെ വീടുകള്ക്ക് വിള്ളല്; കൊളമലയിലെ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലെ കൊളമലയില് പ്രവര്ത്തിക്കുന്ന ക്വാറിക്കും ക്രഷര് യൂണിറ്റിനുമെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. ക്വാറിയിലെ സ്ഫോടനം മൂലം പ്രദേശത്തെ വീടുകള്ക്ക് വിള്ളലുണ്ടായതോടെ നാട്ടുകാര് ക്വാറിയിലെത്തി പ്രവര്ത്തനം നിര്ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
കൊളമലയുടെ താഴ്വാരത്തുള്ള കേളന്മൂല, വെണ്ടേക്കുംചാല്, പൂലോട്, വേനക്കാവ്, കൊളക്കാട്ടുകുഴി എന്നിവിടങ്ങളിലെ ആയിരത്തോളം കുടുംബങ്ങള്ക്ക് ക്വാറി ഭീഷണിയാണെന്ന് നാട്ടുകാര് പരാതിപ്പെട്ടു.
വീടുകള്ക്ക് കേടുപാടുകള് പറ്റുന്നതുകൂടാതെ ക്വാറി മാലിന്യങ്ങള് ഒലിച്ചിറങ്ങി ജലസ്രോതസ്സുകള് മലിനമാകുകയും ചെയ്യുന്നതായി പരിസരവാസികള് ചൂണ്ടിക്കാട്ടി.
വര്ഷങ്ങള്ക്ക് മുന്പ് ഇവിടെ ചെറിയ രീതിയില് ആരംഭിച്ച ക്വാറി കൂടുതല് സ്ഥലമേറ്റെടുത്ത് പ്രവര്ത്തനം വ്യാപിപ്പിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഖനനം നടത്തുന്നത്. മഴ കനക്കുന്നതോടെ ഉരുള്പൊട്ടല് ഭീഷണിയും നിലനില്ക്കുന്നുണ്ട്.
ക്വാറിയിലെ നിരന്തര സ്ഫോടനങ്ങള് മൂലം കരിഞ്ചോലമല ദുരന്തം ആവര്ത്തിക്കുമോയെന്ന ആശങ്കയിലാണ് കൊളമലയുടെ താഴ്വാരത്തുള്ളവര്. ക്വാറിക്കെതിരെ ആക്ഷന് കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്.
https://www.facebook.com/Malayalivartha


























