മോഷണശ്രമം: പ്രതിയെ പിടിക്കാന് പോലീസിന് നാട്ടുകാരുടെ ഒരുകൈ സഹായം!

കണ്ണൂര് പെരിങ്ങോമില് ഓലയമ്പാടിക്കടുത്തു ചട്ട്യോള് സ്കൂള് റോഡ് ജംക്ഷനിലെ പെരിന്തട്ടയിലെ കെ.മാധവന്റെ ഉടമസ്ഥതയിലുള്ള കെഎം ട്രെയ്ഡേഴ്സിന്റേയും ഓലയമ്പാടിയിലെ പി.ആര്.രവിയുടെ ഉടമസ്ഥതയിലുള്ള പിആര് എന്ജിനീയറിങ് വര്ക്സ് എന്ന സ്ഥാപനത്തിന്റേയും പൂട്ടു തകര്ത്ത് മോഷണത്തിനു ശ്രമം നടത്തിയ ഒരാള് പിടിയില്. ഇവ മലഞ്ചരക്കു കടയും എന്ജിനീയറിങ് വര്ക്ഷോപ്പുമാണ്. മലഞ്ചരക്കു കടയിലെ റബര്ഷീറ്റുകളും അടയ്ക്കയും വെല്ഡിങ് സ്ഥാപനത്തിലെ കട്ടിങ് മെഷിനും മറ്റും പുറത്തിട്ട നിലയിലാണ്.
ഇക്കഴിഞ്ഞ ദിവസം രാത്രി 12-മണിയോടെയാണ് മോഷണ ശ്രമം നടന്നത്. മോഷ്ടാക്കള് ഉപയോഗിച്ച കമ്പിപ്പാര, ചുറ്റിക എന്നിവ സമീപത്തു നിന്ന്് പൊലീസ് കണ്ടെടുത്തു. സുഹൃത്തുക്കളുടെ വീട്ടില് പോയി തിരിച്ചുവന്ന ഓലയമ്പാടി സ്വദേശികളായ ഷൈജു, ധനേഷ് എന്നിവരാണ് സംശയാസ്പദമായ സാഹചര്യത്തില് കട തുറന്നിരിക്കുന്നതായി കണ്ടെത്തിയത്. ഉടന് ഇവര് പെരിങ്ങോം പൊലീസില് വിവരമറിയിച്ചു.
പ്രദേശത്തിനു സമീപം രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ രാജുവും സംഘവും വേഗം സ്ഥലത്തെത്തുകയും തുടര്ന്നുള്ള പരിശോധനയില് മോഷ്ടാക്കള് എത്തിയ ആള്ട്ടോ കാര് സമീപത്തെ കല്യാണി ഫര്ണിച്ചര് ഷോപ്പിനടുത്തു നിര്ത്തിയിട്ട നിലയില് കണ്ടെത്തുകയും ചെയ്തു. ഉടന് പൊലീസും നാട്ടുകാരും ഇരുട്ടില് മറഞ്ഞു നിന്നു. കാര് സ്റ്റാര്ട്ട് ആക്കുന്ന ശബ്ദം കേട്ട ഉടനെ പ്രതികളില് ഒരാളെ വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.
കൂട്ടുപ്രതി ആറളം സ്വദേശി ദീപു കടന്നുകളഞ്ഞു. കണ്ണവം ശ്രീനാരായണ ഗുരു മഠത്തിനു സമീപം പാറമ്മല് ഹൗസില് പി.വരുണ് (23) ആണു പിടിയിലായത്. പ്രതിയെ പെരിങ്ങോം എസ്ഐ വി.മുരളി അറസ്റ്റ് ചെയ്തു കോടതിയില് ഹാജരാക്കി. കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കണ്ണൂരില് നിന്നു വിരലടയാള വിദഗ്ധര് എത്തി സംഭവസ്ഥലം പരിശോധിച്ചു. മഴ കനത്തതോടെ പ്രദേശത്തു മോഷണം പെരുകുന്നതായി പരാതിയുണ്ട്. രാത്രികാല പട്രോളിങ് കൂടുതല് ശക്തമാക്കണമെന്നു നാട്ടുകാര് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























