തൃശൂർ ജില്ലയിൽ രോഗ വ്യാപനം ശക്തം ..ജില്ല പൂർണമായി അടച്ചിടണമെന്ന് ടി.എൻ. പ്രതാപൻ എംപി ; വൈകുന്നേരം നിർണായക യോഗം

കൊറോണ രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ സമ്പൂർണ അടച്ചിടൽ വേണമെന്ന് ടി.എൻ. പ്രതാപൻ എംപി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്നു തൃശൂർ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു . അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ആറ് പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി. തൃശൂരിൽ കോവിഡ് ബാധിച്ച് 114 പേരാണ് ചികിത്സയിലുള്ളത്. 18,654 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 131 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചേക്കും.
എന്നാൽ ഭീതിജനകമായ അന്തരീക്ഷം ഇല്ലെന്നും ഉച്ചയ്ക്കുശേഷം വിദഗ്ധർ പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ 14 പേർക്കു രോഗം ബാധിസിച്ചിരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട് .
ശുചീകരണ തൊഴിലാളികൾ, വെയർഹൗസിലെ തൊഴിലാളികൾ തുടങ്ങിയവർക്കു രോഗം ബാധിച്ചിട്ടുണ്ടെങ്കിലും അവരുമായി ബന്ധപ്പെട്ടവരെയെല്ലാം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അവരുടെ പ്രവർത്തന മേഖലയെല്ലാം അടച്ചിട്ടുണ്ട്.
ജില്ലയിൽ അതിവേഗമാണു രോഗവ്യാപനം ഉണ്ടാകുന്നതെന്നും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. തൃശൂർ കോർപറേഷൻ ഓഫീസും കുരിയച്ചിറയിലെ വെയർഹൗസും അടച്ചിട്ടു.
തൃശൂർ നഗരത്തിലെ പത്തിലേറെ ഡിവിഷനുകളും ജില്ലയിലെ നിരവധി മേഖലകളും അടച്ചിടേണ്ടിവന്നു. അടുത്ത ദിവസങ്ങളിലായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ പേർ എത്താനുണ്ടെന്നതാണ് തൃശൂർ ജില്ലയെ ഭീതിയിൽ ആഴ്ത്തുന്നത്
വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും ജനപ്രതിനിധി എന്ന നിലയിൽ തന്റെ അഭിപ്രായം ഉൾക്കൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നു മന്ത്രി എ.സി. മൊയ്തീനും പ്രതികരിച്ചു
https://www.facebook.com/Malayalivartha


























