ക്രൈസ്തവ വിശ്വാസികള് കൊവിഡ് ബാധിച്ച് മരിച്ചാല് മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര് അതിരൂപത; ശരീരത്തിന്റെ ഉയിര്പ്പിലുള്ള വിശ്വാസത്തില് സംശയം പ്രകടിപ്പിക്കുന്നില്ലെങ്കില് ശവദാഹം അനുവദനീയമെന്ന് സഭ

ക്രൈസ്തവ വിശ്വാസികള് കൊവിഡ് ബാധിച്ച് മരിച്ചാല് മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര് അതിരൂപതയുടെ നിര്ദ്ദേശം. സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കില് സ്വന്തം വീട്ടുവളപ്പില് ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സര്ക്കുലര്. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാന് അനുമതി നല്കുന്നത്.
ഒല്ലൂര് പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് തൃശൂര് അതിരൂപതയുടെ സര്ക്കുലര് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദഹിപ്പിക്കുന്ന മൃതദേഹത്തിന്റെ ഭൗതികാവശിഷ്ടം പിന്നീട് സെമിത്തേരിയിലെത്തിക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തില് പുറത്തിറക്കിയ സര്ക്കുലറില് പറഞ്ഞിട്ടുണ്ട്. എല്ലാ പള്ളികള്ക്കും അതിരൂപത സര്ക്കുലര് അയച്ചിട്ടുണ്ട്.
ശരീരത്തിന്റെ ഉയിര്പ്പിലുള്ള വിശ്വാസത്തില് സംശയം പ്രകടിപ്പിക്കുന്നില്ലെങ്കില് ശവദാഹം അനുവദിക്കുന്നതിന് സഭാ നിയമവും അനുവദിക്കുന്നുണ്ടെന്ന് സര്ക്കുലറില് വിശദീകരിക്കുന്നു. ' തങ്ങളുടെ ശരീരം ദഹിപ്പിക്കണമെന്ന തീരുമാനമെടുത്തവര് ക്രൈസ്തവ ജീവിതത്തിന് വിരുദ്ധമായ കാരണങ്ങളാലല്ല, അങ്ങനെ ചെയ്തതെങ്കില് സഭാപരമായ മൃതസംസ്ക്കാരം നടത്തേണ്ടതാണ്. എങ്കിലും ദഹിപ്പിക്കുന്നതിനെക്കാള് സംസ്ക്കരിക്കുന്നതിനാണ് സഭ മുന്തൂക്കം കൊടുക്കുന്നതെന്ന മൃതസംസ്ക്കാര ശുശ്രൂഷയില് വ്യക്തമാക്കേണ്ടെതാണ്' -ആന്ഡ്രൂസ് താഴത്തിന്റെ സര്ക്കുലറില് വ്യക്തമാക്കി.
ഈ നല്കിയ നിര്ദ്ദേശങ്ങള് എല്ലാംതന്നെ കോവിഡ് പാശ്ചാത്തലത്തിലുള്ളതാണെന്നും ഓരോ ഇടവകയുടെയും പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് ഏറ്റവും അനുയോജ്യമായ രീതിയിലായിരിക്കണം നിര്വഹിക്കേണ്ടതെന്നും നിര്ദ്ദേശത്തില് പറയുന്നു.
കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂഷക്കുശേഷം ദഹിപ്പിച്ചു അവശിഷ്ടങ്ങള് കല്ലറയില് സംസ്കരിക്കുവാന് നിര്ദ്ദേശിച്ചപ്പോള് അത് വിശ്വാസ വിരുദ്ധമെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഇതിന് ഇരിങ്ങാലക്കൂട രൂപത ബിഷപ്പ് മാര് പോളി കണ്ണൂക്കാടന് ഫേസ്ബുക്കിലൂടെ മറുപടി നല്കി അത് ഇങ്ങനെയാണ്.
കോവിഡ് രോഗം ബാധിച്ച് മൃത്യുവരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂ ഷക്കുശേഷം ദഹിപ്പിച് അവശിഷ്ടങ്ങള് കല്ലറയില് സംസ്കരിക്കുവാന് നിര്ദ്ദേശിച്ചപ്പോള് അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ചിലര് തെറ്റിദ്ധരിക്കുകയുണ്ടായി. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തില് 2301 രണ്ടാമത്തെ ഖണ്ഡികയില് ഇപ്രകാരം പഠിപ്പിക്കുന്നു, 'ശരീരത്തിന്റെ ഉയിര്പ്പിലുള്ള വിശ്വാസത്തില് സംശയം പ്രകടിപ്പിക്കുന്നില്ലെങ്കില് ശവദാഹം സഭ അനുവദിക്കുന്നു'. ലത്തീന് കാനന് നിയമസംഹിതയില് 1176 ഖണ്ഡിക മൂന്നിലും പൗരസ്ത്യസഭകളുടെ കനോനകളില് 876 ഖണ്ഡിക മൂന്നിലും ഇപ്രകാരം പറയുന്നു, 'ക്രിസ്തീയ പഠനത്തിന് വിരുദ്ധമായ കാരണങ്ങള്ക്കല്ലാത്ത പക്ഷം ദഹിപ്പിക്കല് നിരോധിച്ചിട്ടില്ല'. അത്യാവശ്യ സന്ദര്ഭങ്ങളില് മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ല എന്നാണ് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുമ്പോള് രോഗബാധിതരില് ആരെങ്കിലും അപ്രതീക്ഷമായി മരിച്ചാല് മൃതസംസ്കാര ശുശ്രൂഷകള്ക്ക്ശേഷം അടക്കം ചെയ്യുന്നതിന് പകരം ദഹിപ്പിക്കുന്നത് സാധാരണജനങ്ങളുടെ ഭീതി അകറ്റാന് ഏറെ സഹായകരമായിക്കും. ദഹിപ്പിച്ചതിനു ശേഷം ഭൗതിക അവശിഷ്ടം കല്ലറയില് ആചാരവിധികളോടെ സംസ്കരിക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha
























