പയ്യന്നൂരില് എസ്എസ്എല്സി മൂല്യനിര്ണയം ഒരു മണിക്കൂര് തടസ്സപ്പെട്ടു, കാരണം അധ്യാപകരുടെ വാഹന പാര്ക്കിംഗിനെ ചൊല്ലിയുള്ള തര്ക്കം

പയ്യന്നൂര് എകെഎഎസ് ജിവിഎച്ച്എസ് സ്കൂളില് വച്ചു നടത്തിയിരുന്ന എസ്എസ്എല്സി ഇംഗ്ലിഷ് ഉത്തരക്കടലാസ് മൂല്യനിര്ണയം ഒരു മണിക്കൂര് തടസ്സപ്പെട്ടു. അധ്യാപകരുടെ വാഹന പാര്ക്കിങ് സംബന്ധിച്ച തര്ക്കമാണ് കാരണം.
മൂല്യനിര്ണയത്തിന് എത്തുന്ന അധ്യാപകരുടെ വാഹനങ്ങള് സ്കൂള് ഓഡിറ്റോറിയത്തിലാണു പാര്ക്ക് ചെയ്തിരുന്നത്. 130 അധ്യാപകരാണ് ഇവിടെ മൂല്യനിര്ണയത്തിന് എത്തുന്നത്. ഓഡിറ്റോറിയം നവീകരിക്കാന് നഗരസഭ കരാര് കൊടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പ്രിന്സിപ്പല് അധ്യാപകരെ ഇക്കാര്യം അറിയിച്ചു. ഓഡിറ്റോറിയം നവീകരണത്തിന് ആവശ്യമായ സാധനങ്ങള് അവിടെ ഇറക്കുകയും ചെയ്തു.
ഇതേതുടര്ന്ന് വാഹന പാര്ക്കിങ് സ്റ്റേഡിയത്തിലേക്കു മാറ്റി. എന്നാല് സ്റ്റേഡിയത്തില് പാര്ക്ക് ചെയ്ത ഇരുചക്രവാഹനങ്ങള് മഴ നനഞ്ഞു സ്റ്റാര്ട്ട് ആകുന്നില്ലെന്ന് പരാതിയായി. തുടര്ന്ന് ഇതു തര്ക്കമാകുകയും ഓഡിറ്റോറിയത്തില് പാര്ക്കിങ് അനുവദിക്കിലെന്ന് പിടിഎ അറിയിക്കുകയും ചെയ്തു. ഇന്നലെ വാഹനവുമായി എത്തിയ അധ്യാപകര് ഓഡിറ്റോറിയത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തി ചല്ലി ഇറക്കിയതു കാണുകയും പാര്ക്കിങ് സൗകര്യം ആവശ്യപ്പെട്ടു പ്രതിഷേധിക്കുകയും ചെയ്തു.
9.30ന് മൂല്യനിര്ണയം ആരംഭിക്കണമെങ്കിലും അധ്യാപകര് ഹാളില് കയറിയില്ല. തുടര്ന്നു സംഭവമറിഞ്ഞെത്തിയ നഗരസഭ അധ്യക്ഷന് ശശി വട്ടക്കൊവ്വലിന്റെ സാന്നിധ്യത്തില് ചര്ച്ച നടത്തി. വഴിയടച്ച് ഇറക്കിയ ചല്ലി നീക്കം ചെയ്തു. ഒരു മണിക്കൂറിനു ശേഷം മൂല്യനിര്ണയം തുടങ്ങി. ഒന്നരമാസമായി തുടരുന്ന മൂല്യനിര്ണയ ക്യാംപ് നാളെ അവസാനിക്കും.
https://www.facebook.com/Malayalivartha
























