തബ്ലീഗ് പരാമര്ശം: തെറ്റ് സമ്മതിച്ച് ഹൈക്കോടതിയില് പി.എസ്.സിയുടെ വിശദീകരണം; അബദ്ധത്തിൽ സംഭവിച്ചത്; ഹർജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും

വൻ വിവാദം സൃഷ്ടിച്ച പി.എസ്.സി ബുള്ളറ്റിനിലെ തബ്ലീഗ് പരാമര്ശത്തില് തെറ്റ് സമ്മതിച്ച് പി.എസ്.സി രംഗത്തെത്തി ഹൈക്കോടതിയില് വിശദീകരണം നല്കി. മതേതരത്വം തകര്ക്കുന്ന രീതിയില് പി.എസ്.സി പ്രവര്ത്തിച്ചിട്ടില്ല. അബദ്ധത്തില് സംഭവിച്ച തെറ്റാണ്. തെറ്റ് വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരെ സ്ഥലം മാറ്റം ഉള്പ്പെടെയുള്ള നടപടി സ്വീകരിച്ചുവെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് നല്കിയ ഹരജി തള്ളണമെന്നും പി.എസ്.സി ആവശ്യപ്പെട്ടു. ഹരജി ഈ മാസം 19ന് വീണ്ടും പരിഗണിക്കാന് ഹൈക്കോടതി മാറ്റി.രാജ്യത്തെ നിരവധി പൌരന്മാര്ക്ക് കോവിഡ് ബാധയേല്ക്കാന് കാരണമായ തബ്ലീഗ് മതസമ്മേളനം നടന്നത് എവിടെയാണെന്ന പി.എസ്.സി ബുള്ളറ്റിനിലെ ചോദ്യമാണ് വിവാദമായത്.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതി ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിൽ പരാതി കൊടുത്തെങ്കിലും ഇതുവരെയും പൊലീസ് നിയമ നടപടികൾ ഒന്നും തന്നെ കൈക്കൊണ്ടിരുന്നില്ല. ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെ ബുള്ളറ്റിന്റെ ചുമതലയിൽ നിന്നൊഴിവാക്കി നടപടി എടുത്തിരുന്നുവെങ്കിലും ദിവസങ്ങൾക്കകം അവരെ ബുള്ളറ്റിന്റെ പ്രസിദ്ധീകരണ ചുമതലയിൽ നിലനിര്ത്താനും വകുപ്പ് തല നടപടികൾ റദ്ദാക്കാനും പി.എസ്.സി തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























