സമൂഹമാധ്യമങ്ങളിലൂടെ പരിചയമുണ്ടാക്കിയ ശേഷം സ്ത്രീകള്ക്ക് വിവാഹ വാഗ്ദാനം നല്കി പണവും സ്വര്ണവും തട്ടുന്ന റെയില്വേ ടിക്കറ്റ് ക്ലാര്ക്ക് അറസ്റ്റില്

കടയ്ക്കാവൂര് റെയില്വേ സ്റ്റേഷനിലെ സീനിയര് ടിക്കറ്റ് ക്ലാര്ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്.അരുണിനെ(അരുണ് സാകേതം-33) ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളോട് പരിചയം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്കി പണവും സ്വര്ണവും തട്ടുന്നതായി ലഭിച്ച പരാതിയിലാണ് അറസ്റ്റ്.
ഭര്ത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്ന തോന്നലില് കഴിഞ്ഞിരുന്ന ഗാന്ധിനഗര് സ്വദേശിയായ വീട്ടമ്മയെ ഫെയ്സ്ബുക് ചാറ്റ് വഴി പരിചയപ്പെട്ട അരുണ് പുതിയ ജീവിതം നല്കാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങള് കൈക്കലാക്കുകയായിരുന്നു. തുടര്ന്ന് ചൂഷണത്തിലേക്കു കടന്ന അരുണ് പണവും സ്വര്ണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങി. ഭീഷണിയില് പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നല്കിയതായി പൊലീസ് പറഞ്ഞു. ഭീഷണിയെത്തുടര്ന്നു വീട്ടമ്മ മൂന്നു തവണ ജീവനൊടുക്കാന് ശ്രമിച്ചതായും പൊലീസിനു മൊഴി നല്കി. തുടര്ന്ന് വീട്ടമ്മ ഡിവൈഎസ്പിക്കു നല്കിയ പരാതിയെ തുടര്ന്നാണ് അറസ്റ്റ്.
റിസര്വേഷന് ആപ്ലിക്കേഷന് ഫോമില് നിന്നും, ടിക്കറ്റ് റിസര്വേഷന് കൗണ്ടറില് എത്തുന്ന പെണ്കുട്ടികളുടെ ഫോണ് നമ്പര് മനസ്സിലാക്കിയും അരുണ് തട്ടിപ്പ് നടത്തിയെന്ന് പൊലീസ്. നമ്പര് കൈവശപ്പെടുത്തി റിസര്വേഷന് സംബന്ധിച്ച് കാര്യങ്ങള് സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടുകയും തുടര്ന്ന് ബന്ധം സ്ഥാപിക്കുകയും ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഏകദേശം ഇരുപത്തഞ്ചോളം യുവതികളെ അരുണ് വലയില് വീഴ്ത്തിയിട്ടുണ്ടെന്ന് ഫോണും ഫെയ്സ്ബുക് അക്കൗണ്ടും പരിശോധിച്ചപ്പോള് മനസ്സിലായതായും പൊലീസ് പറയുന്നു. മിക്കവരും നാണക്കേടോര്ത്ത് പരാതിപ്പെട്ടിട്ടില്ല.
ഡിവൈഎസ്പി ആര് ശ്രീകുമാറിന്റെ മേല്നോട്ടത്തില്, ഡിവൈഎസ്പി ഓഫിസിലെ എഎസ്ഐ കെ.ആര്.അരുണ് കുമാര്, പ്രബേഷനറി എസ്ഐ പ്രദീപ്, എസ്ഐമാരായ കെ.ആര്.പ്രസാദ്, ഷിബുക്കുട്ടന് എന്നിവര് ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























