പുതിയ പൂരങ്ങള്ക്ക് ആനയെ ഉപയോഗിക്കാനാകില്ല, സുപ്രീംകോടതി നിര്ദേശപ്രകാരം വനംവകുപ്പിന്റെ നടപടി

നിലവിലുള്ളതല്ലാതെ പുതിയ പൂരങ്ങള്ക്ക് ആനയെ ഉപയോഗിക്കാനാകില്ല. കല്യാണത്തിനു വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനുമൊക്കെ ആനയെ ഇറക്കുന്ന പരിപാടി ഇനി നടക്കില്ലെന്നു വനംവകുപ്പ്. സുപ്രീംകോടതി നിര്ദേശപ്രകാരമാണു തീരുമാനം.
ആനയെ ചടങ്ങുകള്ക്ക് ഉപയോഗിക്കുന്നതിനായി 3300 ക്ഷേത്രങ്ങളേ റജിസ്റ്റര് ചെയ്തിട്ടുള്ളു എന്നാണ് കേരളത്തില് ആനയെ ഉത്സവത്തിനും മറ്റു ചടങ്ങുകള്ക്കും എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളുടെ കണക്കെടുപ്പു പൂര്ത്തിയായപ്പോള് കണ്ടത്. ഓരോ ജില്ലയിലും ആനയെ ചടങ്ങുകള്ക്ക് ഉപയോഗിക്കുന്നതും ഇതുവരെ റജിസ്റ്റര് ചെയ്യാത്തതുമായ ക്ഷേത്രങ്ങള്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള് 2800 അപേക്ഷകളാണു കിട്ടിയത്. ഇവ കലക്ടര് ചെയര്മാനായ ജില്ലാ ഫെസ്റ്റിവല് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ചു വനംവകുപ്പിനു റിപ്പോര്ട്ട് ചെയ്യും.
കേരള നാട്ടാന പരിപാലന നിയമം 2012-ല് നിലവില് വന്നതാണ്. നേരത്തേ റജിസ്റ്റര് ചെയ്ത ക്ഷേത്രങ്ങളിലും, ആനയെ ഉപയോഗിച്ചിട്ടും റജിസ്റ്റര് ചെയ്യാതിരുന്ന ക്ഷേത്രങ്ങളിലും, 2012-ല് ഏതൊക്കെ ചടങ്ങുകള്ക്ക് എത്ര ആനയെ ഉപയോഗിച്ചോ അത്രയും ആനകളെ മാത്രമേ ഇനി ഉപയോഗിക്കാന് അനുമതിയുള്ളൂ. ക്ഷേത്രങ്ങളിലെ രേഖകള് പരിശോധിച്ച് 2012-ല് ആനയെ ഉപയോഗിച്ച ചടങ്ങുണ്ടായിരുന്നോ, എത്ര ആനയുണ്ട് എന്നതൊക്കെ കൃത്യമാക്കിയ ശേഷമാകും ഫെസ്റ്റിവല് മോണിറ്ററിങ് കമ്മിറ്റി അന്തിമ അനുമതി നല്കുക.
ആനക്കച്ചവടം നിരോധിച്ചതിനാല് ആനകളുടെ വില്പനയും വാങ്ങലും നിയമപ്രകാരം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളില്നിന്ന് ആനയെ കൊണ്ടുവരുന്നതും നിരോധിച്ചതോടെ നിലവില് ഉള്ള ആനകള്ക്കു ജോലിക്കൂടുതലുമാണ്. കേരളത്തില് ദേവസ്വം ബോര്ഡുകളുടെ കീഴില് 15,000 ക്ഷേത്രങ്ങളുണ്ടെന്നാണു കണക്ക്. മറ്റെല്ലാം കൂടി ഒരു ലക്ഷത്തോളവും. കേരളത്തില് നിലവില് 490 ആനകളാണുള്ളത്.
https://www.facebook.com/Malayalivartha

























