വടകരയില് 'വീല് ബേണ്', പാളത്തില് നിന്ന് അസാധാരണ ശബ്ദം!

ചോറോട് പഴയ റെയില്വേ ഗേറ്റിന് സമീപത്ത് വടകര-മാഹി ഡൗണ് ലൈനിലെ പാളത്തില് ട്രെയിന് കടന്നു പോകുമ്പോള് അസ്വഭാവിക ശബ്ദം കേട്ടതായി നാട്ടുകാര്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലുള്ളവര് വടകര റെയില്വേ സ്റ്റേഷനിലെ റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സില് (ആര്പിഎഫ്) വിവരം അറിയിച്ചു. ഉച്ച കഴിഞ്ഞ് 3.30-നുള്ള മംഗള സൂപ്പര് ഫാസ്റ്റ് കടന്നു പോയപ്പോഴാണ് ശബ്ദം കേട്ടത്.
ഉടന് സ്ഥലത്തെത്തിയ ആര്പിഎഫ് ഉദ്യോഗസ്ഥരും റെയില്വേ ജീവനക്കാരും നടത്തിയ പരിശോധനയില് പാളത്തില് 20 മീറ്ററില് 14 ഇടങ്ങളിലായി ചക്രം ഉരഞ്ഞതായി കണ്ടെത്തി. തുടര്ന്ന് ട്രെയിനുകള്ക്ക് വേഗ നിയന്ത്രണവും രാത്രി കാവലും ഏര്പ്പെടുത്തി. രണ്ട് എന്ജിനുമായി ഇന്നലെ രാവിലെ ഗുഡ്സ് ട്രെയിന് കടന്നു പോയപ്പോഴും ഇതേ ശബ്ദം കേട്ടിരുന്നു. ട്രെയിന് അല്പ നേരം അവിടെ നിര്ത്തുകയും ലോക്കോ പൈലറ്റ് ഇറങ്ങി നോക്കുകയും ചെയ്തതായി നാട്ടുകാര് പറഞ്ഞു. എന്നാല് അസ്വഭാവിക ശബ്ദം കേട്ടതായി 2 ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര് റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നാണു വിവരം.
ട്രാക്ക് ശരിയാക്കുന്ന മെഷീനും ഗുഡ്സ് ട്രെയിനു ശേഷം കടന്നു പോയിരുന്നു. ഇതിന് ശേഷമാണ് മംഗള സൂപ്പര് ഫാസ്റ്റ് ട്രെയിന് എത്തിയത്. പാളത്തില് ഒരോ മീറ്റര് ഇടവിട്ടാണ് സ്ക്രാച്ച് ഉള്ളത്. ട്രെയിന് കടന്നു പോകുമ്പോള് പാളം ഉറപ്പിച്ച ആണികള് ഇളകിയത് പിന്നീട് ഉറപ്പിച്ചു. സീനിയര് സെക്ഷന് എന്ജിനീയര് പെര്മനന്റ് വേ കൊയിലാണ്ടിയില് നിന്ന് ഉദ്യോഗസ്ഥര് ഉള്പ്പെടെ സ്ഥലത്തെത്തി പരിശോധനകള് നടത്തി.
3.30-ന് നിസാമുദ്ദീനിലേക്കുള്ള മംഗള സൂപ്പര് ഫാസ്റ്റ് എക്സ്പ്രസ് കടന്നു പോയപ്പോള് അസ്വഭാവിക ശബ്ദം കേട്ടതായുള്ള വിവരത്തെ തുടര്ന്ന് പരിശോധനകള് നടത്തി ഈ ഭാഗത്ത് 20 കിലോമീറ്റര് വേഗ നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. വടകര-മാഹി ഡൗണ് ലൈനില് 20 മീറ്ററില് രണ്ടു ഭാഗത്തുമുള്ള പാളം മാറ്റിയതിന് ശേഷം നിയന്ത്രണം എടുത്തു കളഞ്ഞു പൂര്വ സ്ഥിതി പുനഃസ്ഥാപിക്കുമെന്നും അധികൃതര് വ്യക്തമാക്കി.
ട്രെയിന് കടന്നു പോകുമ്പോള് ബ്രേക്ക് ഉരഞ്ഞ് ട്രാക്കിന് തകരാര് സംഭവിക്കുന്ന വീല് ബേണ് ആണ് ചോറോട് ഉണ്ടായതെന്ന് റെയില്വേ അധികൃതര് അറിയിച്ചു.
https://www.facebook.com/Malayalivartha

























