യാചകന്റെ പക്കല് നിന്നും 11000 രൂപ തട്ടിയെടുത്തു!

ചേര്ത്തല അര്ത്തുങ്കല് ബീച്ചില് ഡിടിപിസി പാര്ക്കിനോടു ചേര്ന്നു താമസിക്കുന്ന തമിഴ്നാട് തിരുവണ്ണാമലയ് കണ്ണമംഗലം പുതുപേട്ടയ് അമാവാസി (72) ലോക്ഡൗണിനെ തുടര്ന്ന് 4 മാസമായി നാട്ടിലേക്ക് പോകാനാകാതെ കഴിയുകയാണ്. 48 വര്ഷത്തോളമായി ഇവിടെ ഭിക്ഷാടനം നടത്തുകയാണ്. ഈ യാചകന്റെ ഭക്ഷണവും പ്രതിസന്ധിയിലാണ്. വിമാനത്തില് നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് 11000 രൂപയോളം തട്ടിയെടുത്തെന്നും പരാതിയുണ്ട്.
ചേര്ത്തല താലൂക്കിലെ വിവിധ ആരാധനാലയങ്ങളിലും വീടുകളിലും ഭിക്ഷാടനം നടത്തിയായിരുന്നു അമാവാസി ജാക്സണ് എന്ന് പ്രദേശത്ത് അറിയപ്പെടുന്ന ഇയാളുടെ ജീവിതം. 6 മാസം കൂടുമ്പോള് വീട്ടില് പോയി സമ്പാദ്യമെല്ലാം നല്കും. മരിച്ചുപോയ ചേട്ടന്റെ ഭാര്യയും 2 പെണ്മക്കളുമാണ് അവിടെയുള്ളത്. ഭിക്ഷാടനത്തിനു പോയാല് ദിവസം 300 രൂപയോളം ലഭിക്കും. 100 രൂപയുടെ പരമാവധി ചെലവ് കഴിഞ്ഞ് 200 രൂപ മിച്ചംപിടിക്കുമെന്ന് ഇദ്ദേഹം പറയുന്നു.
ഒടുവില് നാട്ടില് പോയത് കഴിഞ്ഞ ഡിസംബറിലാണ്. ലോക്ഡൗണ് കാലത്ത് ഭിക്ഷാടനത്തിന് പോയെങ്കിലും നാട്ടുകാരും പൊലീസും ചേര്ന്ന് പിടികൂടി തിരിച്ചയച്ചു. തുടര്ന്നാണ് മുന്പ് ഒരുമിച്ചു ഭിക്ഷാടനം നടത്തിയിട്ടുള്ള മട്ടാഞ്ചേരിയിലെ സുഹൃത്തിനെ ഓട്ടോയില് പോയി കണ്ടത്.
നെടുമ്പാശേരിയില് നിന്നും ചെന്നെയിലേക്കു വിമാനത്തില് ഒരുമിച്ചു പോകാമെന്ന് പറഞ്ഞുവത്രേ. വിമാനക്കൂലി, വിമാനത്താവളത്തില് നിന്നും കാറില് പോകാനായുള്ള ചെലവിനുള്ള കാശ് എന്നിവയ്ക്കായി 11000 രൂപ വാങ്ങിച്ചെന്നും പിന്നീട് വിളിച്ചിട്ട് ഫോണ് എടുക്കുന്നില്ലെന്നും ജാക്സണ് പറയുന്നു. അര്ത്തുങ്കലില് പരിചിതര് നല്കുന്ന ഭക്ഷണം കഴിച്ചാണ് ഇപ്പോള് ഒരോ ദിവസവും തള്ളിനീക്കുന്നത്.
https://www.facebook.com/Malayalivartha

























