തമിഴ്നാട്ടില് നിന്ന് എത്തിയ 32 തൊഴിലാളികള് ക്വാറന്റീനില്

തമിഴ്നാട്ടില് നിന്ന് എത്തിയ 32 തൊഴിലാളികള് ആരോഗ്യ വകുപ്പിന്റെ നിര്ദേശാനുസരണം 11 ദിവസമായി ക്വാറന്റീനില്. മലപ്പുറം തേഞ്ഞിപ്പലം, വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ 100 കേന്ദ്രങ്ങളില് വഴിവിളക്ക് സ്ഥാപിക്കാനായി എത്തിയ തൊഴിലാളികളാണ് ഫറോക്കില് സ്വകാര്യ സ്ഥാപനത്തില് ക്വാറന്റീനില് കഴിയുന്നത്. ലോക് ഡൗണിനെ തുടര്ന്ന് 3 മാസം പണികള് ലോക്കായതാണ്. ക്വാറന്റീന് കഴിഞ്ഞ് പണിതുടങ്ങാന് ഇനിയും 17 ദിവസം കാക്കണം.
മാസങ്ങള്ക്കു മുന്പ് തുറസായ സ്ഥലത്ത് ഇറക്കിയ ലൈറ്റ് ഫിറ്റിങ് സര്ക്കിളുകളും കാലുകളും മറ്റും അതു വരെ കോഹിനൂരില് കിടക്കും. അവയെ വലയം ചെയ്ത് ഇപ്പോള് പുല്ലുകള് വളര്ന്ന് നില്ക്കുകയാണ്. പി. അബ്ദുല് ഹമീദ് എംഎല്എ ആസ്തി വികസന ഫണ്ടില് നിന്ന് അനുവദിച്ച 1.40 കോടി രൂപ വിനിയോഗിച്ച് 94 മിനി മാസ്റ്റും 6 ഹൈമാസ്റ്റും ആണ് സ്ഥാപിക്കുന്നത്.
അടുത്ത മാസം കാലുകള് സ്ഥാപിച്ച് ലൈറ്റ് ഫിറ്റിങ് സര്ക്കിള് ഘടിപ്പിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ. സ്ഥാന നിര്ണയം കഴിഞ്ഞെങ്കിലും ചില സ്ഥലങ്ങളില് മരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. എല്ഇഡി ബള്ബിന് ക്വട്ടേഷന് ക്ഷണിച്ചിട്ടേയുള്ളു. ടെന്ഡര് ഉറപ്പിച്ച് ബള്ബുകള് ലഭ്യമാക്കേണ്ടതുമുണ്ട്. വള്ളിക്കുന്ന് മണ്ഡലത്തില് എംഎല്എയുടെ ഫണ്ടില് നിന്ന് നേരത്തെ 51 മിനി മാസ്റ്റും 6 ഹൈമാസ്റ്റും സ്ഥാപിച്ചതിന് പുറമെയാണ് ഇപ്പോഴത്തെ പദ്ധതി.
https://www.facebook.com/Malayalivartha

























