പഠിച്ച കള്ളനായ കുറ്റവാളി; ഇപ്പോഴത്തെ കീഴടങ്ങൽ വൈറസിനെ ഭയന്ന്? അഭിമന്യൂവിനെ കുത്തിവീഴ്ത്തിയ പ്രതി സഹല് പയറ്റിയത് സ്വയം രക്ഷാ തന്ത്രം; പോലീസിന്റെ നിഗമനം ഇങ്ങനെ

അഭിമന്യൂവിനെ കുത്തിവീഴ്ത്തിയ പ്രതി സഹല് കോടതിക്ക് മുന്നിൽ കീഴടങ്ങിയത് കോവിഡിനെ പേടിച്ച്. കര്ണാടകത്തില് കോവിഡ് പടര്ന്നു പിടിച്ചതോടെയാണ് പിടിച്ചുനില്ക്കാനാകാതെ സഹല് ഹംസ കീഴടങ്ങിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുവര്ഷത്തോളം കേരളത്തിനകത്തും പുറത്തുമായി പോലീസ് തിരച്ചില് നടത്തിയിട്ടും കണ്ടെത്താനാകാത്ത പ്രതിയാണ് ഇപ്പോൾ കീഴടങ്ങിയത്.അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം പോപ്പുലര് ഫ്രണ്ടിന്റെ സഹായത്തോടെ കര്ണാടകയില് ഒളിവില് കഴിയുകയായിരുന്നു ഇയാള്. ഒളിവില്കഴിയവേ വൈറസ് ബാധയുണ്ടെന്നു സംശയമുണ്ടായാല് പരിശോധനയ്ക്കു കഴിയില്ല. എന്നാല്, കേരളത്തിലെത്തി കോടതിയില് ഹാജരായാല് നിയമപരിരക്ഷയുടെ ഭാഗമായി പരിശോധനയും ചികിത്സയും കിട്ടും. ഇത് മുന്കൂട്ടിക്കണ്ടാണ് ഹാജരായതെന്നാണു പോലീസ് കരുതുന്നത്. കര്ണാടകയില്നിന്ന് റോഡ്മാര്ഗം വീട്ടിലെത്തി ഇവിടെനിന്ന് കോടതിയില് ഹാജരായെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്.സഹലിനെ കോടതി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. കോടതിയില്നിന്ന് എറണാകുളം എ.സി.പി. കെ. ലാല്ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഏറ്റുവാങ്ങി.
കോവിഡ് പരിശോധനയ്ക്കായി പ്രതിയെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശേഷം കുറ്റവാളികളെ താമസിപ്പിക്കുന്ന കൊരട്ടിയിലെ കേന്ദ്രത്തിലേക്കുമാറ്റി. പരിശോധനാഫലം വരുന്നതുവരെ ഇവിടെ താമസിപ്പിക്കും. ഫലം പോസിറ്റീവാണെങ്കില് എറണാകുളം മെഡിക്കല്കോളേജിലേക്കും നെഗറ്റീവെങ്കില് ജയിലിലേക്കും മാറ്റും. രോഗമില്ലെന്നു തെളിഞ്ഞാല് കസ്റ്റഡിയില് വാങ്ങാനുള്ള അപേക്ഷ നല്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എ.സി.പി. എസ്.ടി. സുരേഷ് കുമാര് പറഞ്ഞു.
https://www.facebook.com/Malayalivartha

























