ഗൃഹനിരീക്ഷണത്തില് കഴിയാന് അയച്ച ആള് ചന്തയില് മദ്യപിച്ചു കിടന്നുറങ്ങി!

മംഗളൂരുവിലെ ജോലി സ്ഥലത്തു നിന്നു മടങ്ങിയെത്തിയ കൊല്ലം ഉളിയക്കോവില് സ്വദേശിയോട് കൊല്ലം ജില്ലാ ആശുപത്രിയിലെ സ്രവപരിശോധനയ്ക്കു ശേഷം ഗൃഹനിരീക്ഷണത്തില് കഴിയാന് നിര്ദേശിച്ചിരുന്നു. എന്നാല് പോകാന് സ്ഥലമില്ലാത്തതിനാല് അയാള് അന്തിയുറങ്ങിയത് ചന്തയില്. ഒരു രാത്രി മുഴുവനും അയാള് ചന്തയില് കഴിഞ്ഞു കൂടി.
ക്വാറന്റീന് നിബന്ധനകള് ലംഘിച്ചതിന് ഇയാള്ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മംഗളൂരുവില് നിന്ന് എത്തിയതാണെന്നാണ് ഇയാള് പൊലീസിനു മൊഴി നല്കിയത്. കൊല്ലത്തെത്തിയ ശേഷം ജില്ലാ ആശുപത്രിയില് പരിശോധനയ്ക്കായി സ്രവം എടുത്തു.
ചന്തയില് കാണപ്പെട്ടതിനെ തുടര്ന്ന് നാട്ടുകാര് വിവരം അറിയിച്ചപ്പോഴാണ് 3 മണിക്കൂറിനു ശേഷം ആരോഗ്യ പ്രവര്ത്തകരെത്തി ഇയാളെയും ഇയാളുമായി സമ്പര്ക്കത്തില് ഏര്പ്പെട്ടെന്നു കരുതുന്ന മറ്റ് 5 പേരെയും സ്ഥാപന നിരീക്ഷണത്തിലാക്കിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ പരിശോധനയില് രോഗലക്ഷണങ്ങള് ഇല്ലാത്തതിനാല് ഗൃഹനിരീക്ഷണത്തില് കഴിയാന് നിര്ദേശിക്കുകയായിരുന്നു.
കടപ്പാക്കടയിലെ മാര്ക്കറ്റ് കോംപ്ലക്സില് എത്തിയത് കൊല്ലം നഗരത്തിലുള്ള ബന്ധുവീട്ടില് എത്തിയപ്പോള് അവര് കയ്യൊഴിഞ്ഞതോടെ ആയിരുന്നെന്നു പൊലീസ് പറഞ്ഞു. മുന് പരിചയക്കാരോടൊപ്പം മദ്യപിച്ച ശേഷം അവിടെത്തന്നെ കിടന്നുറങ്ങി. രാവിലെ കച്ചവടക്കാരെത്തി ചോദ്യം ചെയ്തപ്പോഴാണു സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിയതാണെന്നു ബോധ്യപ്പെട്ടത്. ഉടന് പൊലീസിനെയും ആരോഗ്യ പ്രവര്ത്തകരെയും അറിയിച്ചു.
ആരോഗ്യപ്രവര്ത്തകര് ആംബുലന്സുമായി പത്തരയോടെ എത്തി ഇയാളെയും സമ്പര്ക്കമുണ്ടായതായി കരുതുന്ന ദമ്പതികള് ഉള്പ്പെടെ മറ്റ് 5 പേരെയും ജില്ലാ ആശുപത്രിയില് എത്തിച്ച് പരിശോധന നടത്തിയ ശേഷം ചാത്തന്നൂരിലെ 2 സ്ഥാപനങ്ങളിലായി നിരീക്ഷണത്തിലാക്കി. കടപ്പാക്കട സ്വദേശിയുടെ സ്രവ പരിശോധനാ ഫലം വന്നിട്ടില്ല.
ഇതര സംസ്ഥാനത്തു നിന്നു വന്നയാള് മാര്ക്കറ്റില് കിടന്നുറങ്ങിയെന്ന വാര്ത്ത പരന്നതോടെ വ്യാപാരികള് കടകള് തുറക്കാനും മടിച്ചു. തുടര്ന്നു മാര്ക്കറ്റും പരിസരവും അണുവിമുക്തമാക്കിയ ശേഷമാണു കടകള് തുറന്നത്.
https://www.facebook.com/Malayalivartha

























