കോവിഡ്: അറുപതിലേറെ രോഗികളുടെ വൈറസ് ബാധയുടെ സ്രോതസ്സ് തിരിച്ചറിയാനായിട്ടില്ല, ആശങ്കയോടെ സര്ക്കാര്

കേരളത്തില് ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്നതില് സര്ക്കാരിന് ആശങ്ക. ഇതുവരെ അറുപതിലേറെ രോഗികളുടെ വൈറസ് ബാധയുടെ സ്രോതസ്സ് തിരിച്ചറിയാനായിട്ടില്ലെന്നാണു റിപ്പോര്ട്ട്. മേയ് 4-നു ശേഷമാണ് ഇതില് 49 പേരും രോഗബാധിതരായത്. കണ്ണൂരില് എക്സൈസ് ഡ്രൈവര് അടക്കം 7 പേര് മരിക്കുകയും ചെയ്തു.
കേരളത്തില് സമൂഹവ്യാപനമുണ്ടായോ എന്നറിയാനുള്ള ആന്റിബോഡി ടെസ്റ്റുകള് തുടങ്ങി രണ്ടാഴ്ചയോളമായിട്ടും സര്ക്കാര് വ്യക്തമായ ഫലം പുറത്തുവിട്ടിട്ടില്ല. ആന്റിബോഡി ടെസ്റ്റ് രോഗസ്ഥിരീകരണ പരിശോധനയല്ലെങ്കിലും രോഗവ്യാപനത്തിന്റെ രീതി അറിയാന് സഹായിക്കും. ഇതു സംബന്ധിച്ച ചോദ്യങ്ങള്ക്കു മുഖ്യമന്ത്രി പോലും മറുപടി പറയുന്നുമില്ല.
സ്രോതസ്സ് തിരിച്ചറിയാത്തവരെക്കുറിച്ച് എപ്പിഡെമിയോളജിക്കല് പഠനം നടത്താന് മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനു നിര്ദേശം നല്കിയിരുന്നു. കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില് ആദ്യ ഘട്ടത്തിലുണ്ടായ ഇത്തരം കേസുകളെക്കുറിച്ചു പഠനം നടക്കുന്നുണ്ട്.
കാസര്കോട്ട് ചക്ക തലയില് വീണും തിരുവനന്തപുരത്ത് മദ്യപിച്ച് അവശനിലയിലായതിനെത്തുടര്ന്നും ആശുപത്രിയിലെത്തിച്ചവര്ക്കു രോഗം കണ്ടെത്തിയിരുന്നു. മലപ്പുറത്ത് ഈ മാസം രണ്ടിനു ജനിച്ച കുഞ്ഞ് മുതല് തൃശൂരില് 87-വയസ്സുകാരന് വരെ രോഗികളുടെ പട്ടികയിലുണ്ട്. കണ്ണൂരില് ധര്മടം സ്വദേശിനി വഴി വീട്ടിലെ 12 പേര്ക്കാണു രോഗം ബാധിച്ചത്. ഈ സ്ത്രീ മരിക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലാണ് ഉറവിടമറിയാത്ത കോവിഡ് രോഗികള് കൂടുതല്- 13. അതേസമയം, 2 രോഗികളേ ഇത്തരത്തിലുള്ളൂ എന്നാണു ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നിലപാട്. മരണം കൂടുതല് സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്- 3.
https://www.facebook.com/Malayalivartha

























