ഇന്ത്യ-ചൈന സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് അനിവാര്യമായ എല്ലാ നടപടികളും സ്വീകരിക്കാന് സൈന്യത്തിന് സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ഇന്ത്യ-ചൈന സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് അനിവാര്യമായ എല്ലാ നടപടികളും സ്വീകരിക്കാന് സൈന്യത്തിന് സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച ചേര്ന്ന സര്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയുടെനേരെ നോക്കാന്പോലും ആര്ക്കെങ്കിലും ധൈര്യമില്ലാത്ത നിലയില് രാജ്യത്തിന്റെ ശേഷി വളര്ന്നിട്ടുണ്ട്. ഇന്ത്യ സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നത്.
അതേസമയം, രാജ്യത്തിന്റെ പരമാധികാരം ഉയര്ത്തിപ്പിടിക്കും. അതിര്ത്തിയില് ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്ന് ആരുമില്ല. ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടുമില്ല -പ്രധാനമന്ത്രി വ്യക്തമാക്കി.രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് സര്ക്കാരിനും പ്രതിരോധ സേനയ്ക്കും പൂര്ണപിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷപാര്ട്ടികള് യോഗത്തില് വ്യക്തമാക്കി.
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്നും നേതാക്കള് ആവശ്യപ്പെട്ടു. വീഡിയോ കോണ്ഫറന്സിലൂടെയായിരുന്നു സര്വകക്ഷി യോഗം. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, എസ്. ജയശങ്കര്, നിര്മലാ സീതാരാമന്, പ്രഹ്ളാദ് ജോഷി എന്നിവരും കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരടക്കം 15 പാര്ട്ടികളുടെ അധ്യക്ഷരും പങ്കെടുത്തു. ഏറ്റുമുട്ടലില് 20 ധീരസൈനികര് പരമമായ ത്യാഗം ചെയ്തു. പക്ഷേ, നമ്മുടെ മാതൃഭൂമിയെ ലക്ഷ്യംവെച്ചവരെ പാഠംപഠിപ്പിച്ചിട്ടാണ് അവര് ജീവത്യാഗം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യഥാര്ഥ നിയന്ത്രണരേഖയില് ചൈന സ്വീകരിച്ച നടപടികളില് മുഴുവന് രാജ്യവും വേദനയിലും ദേഷ്യത്തിലുമാണ്. നയതന്ത്രതലത്തിലൂടെ ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചിട്ടുമുണ്ട്.
ദേശസുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കും. യുദ്ധവിമാനങ്ങള്, നവീന ഹെലികോപ്റ്ററുകള്, മിസൈല് സംവിധാനങ്ങള് തുടങ്ങി സേനയുടെ മറ്റാവശ്യങ്ങള്ക്കും പ്രാധാന്യം നല്കിയിട്ടുണ്ട്. അതിര്ത്തിയിലെ അടിസ്ഥാനസൗകര്യങ്ങള് വേഗത്തില് തയ്യാറാക്കും. ഇന്നത്തെ സാഹചര്യത്തില് വിവിധഭാഗങ്ങളില്നിന്ന് ഒരുമിച്ച് മുന്നോട്ടുനീങ്ങാനുള്ള ശേഷി ഇന്ത്യന് സേനയ്ക്കുണ്ട്.പുതുതായി ഏര്പ്പെടുത്തിയ സംവിധാനങ്ങളിലൂടെ യഥാര്ഥ നിയന്ത്രണരേഖയില് പട്രോളിങ് നടത്താനുള്ള ശേഷി വര്ധിച്ചു. ഇതിലൂടെ യഥാര്ഥനിയന്ത്രണരേഖയില് ജാഗ്രത വര്ധിച്ചു.
നേരത്തേ പല സ്ഥലത്തും നിരീക്ഷണമുണ്ടായിരുന്നില്ല. കടന്നുകയറുന്നവരെ തടയാനും ചോദ്യം ചെയ്യാനും ആരുമുണ്ടായിരുന്നില്ല. എന്നാല്, ഇന്ന് നമ്മുടെ സൈനികര് തടയുന്നു, ചോദ്യംചെയ്യുന്നു, അന്വേഷിക്കുന്നു. അതുകൊണ്ടാണ് സംഘര്ഷം വര്ധിക്കുന്നത് -പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha

























