വനം വകുപ്പിന്റെ അനുമതി കിട്ടാത്തതിനാല് മലയോര ഹൈവേ നിര്മാണം മുടങ്ങിയിട്ട് 8 മാസം

ദേലംപാടി പഞ്ചായത്തില് പരപ്പ മുതല് ബെള്ളച്ചേരി വരെയുള്ള 3.3 കിലോമീറ്റര് ഭാഗത്തെ മലയോര ഹൈവേ നിര്മാണം മുടങ്ങിയിട്ട് 8 മാസം. ബാക്കി സ്ഥലത്തെ നിര്മാണങ്ങള് പുരോഗമിക്കുമ്പോള് ഈ കുരുക്കഴിക്കാന് ഒരു നടപടിയുമില്ല. വനം വകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ് പണി മാസങ്ങളായി നിലച്ചുകിടക്കുന്നത്. എടപ്പറമ്പ മുതല് കോളിച്ചാല് വരെയുള്ള രണ്ടാം റീച്ചില് വനത്തിലൂടെയുള്ള ഈ ഭാഗം ഒഴിച്ച് ബാക്കി സ്ഥലങ്ങളില് പണി അതിവേഗത്തില് നടന്നു കൊണ്ടിരിക്കുകയാണ്. ചില ഭാഗത്ത് അവസാന ഘട്ട ടാറിങ് മാത്രമേ ബാക്കിയുള്ളൂ.
കഴിഞ്ഞ ഒക്ടോബര് മാസത്തില് വനത്തില് കൂടി നിലവിലുള്ള 4 മീറ്റര് റോഡിന്റെ വീതി കൂട്ടുമ്പോഴാണ് വനംവകുപ്പ് പണി തടഞ്ഞത്. മുന്കൂര് അനുമതി വാങ്ങാതെ മരാമത്ത് അധികൃതര് പണി തുടങ്ങിയതാണ് കാരണം. വനംവകുപ്പ് തടഞ്ഞതിനു ശേഷം അനുമതി തേടി മരാമത്ത് അസി. എന്ജിനീയര് ഓണ്ലൈനായി വനംവകുപ്പിന് അപേക്ഷ നല്കിയെങ്കിലും രേഖകള് പൂര്ണമല്ലാത്തതിനാല് തിരിച്ചയച്ചു. എന്നാല് പിന്നീട് ഇതുമായി ബന്ധപ്പെട്ട് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. അപേക്ഷ ലഭിച്ചാല് മാത്രമേ നടപടികള് പൂര്ത്തിയാക്കി ഭൂമി വിട്ടുകൊടുക്കാന് കഴിയുകയുള്ളൂ.
12 മീറ്റര് വീതിയാണ് മലയോര ഹൈവേക്ക് ടാറിങ് ഉള്പ്പെടെ വേണ്ടത്. ഇപ്പോഴുള്ള റോഡിന് ടാറിങ് അടക്കം പകുതി വീതിയേ ഉള്ളൂ. കഴിഞ്ഞ വര്ഷം നവംബര് മാസത്തില് കാസര്കോട് നടന്ന വനം അദാലത്തില്, മലയോര ഹൈവേയ്ക്ക് ഭൂമി വിട്ടുകൊടുക്കുന്നത് സംസ്ഥാന തലത്തില് ചര്ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞതും നടന്നില്ല. അടുത്ത ഒക്ടോബര് മാസം വരെ കരാര് കാലാവധി നീട്ടിയിട്ടുണ്ട്.
മലയോര ഹൈവേയുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന സമയത്ത് തന്നെ മരാമത്ത് വകുപ്പ് അപേക്ഷ നല്കിയിരുന്നെങ്കില് നേരത്തെ തന്നെ വനംവകുപ്പിന്റെ അനുമതി ലഭിക്കുമായിരുന്നു. മരാമത്ത് വകുപ്പിന്റെ ഈ അനാസ്ഥയാണ് ഈ പ്രതിസന്ധിക്കു കാരണം. മലയോര ഹൈവേയുടെ ഭാഗമായി പണി നടക്കുന്നതിനാല് പഞ്ചായത്ത് റോഡ് കഴിഞ്ഞ 2 വര്ഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതു കാരണം റോഡ് പാടേ തകര്ന്ന് യാത്ര നരകതുല്യമാണ്. വനംവകുപ്പിന്റെ അനുമതി ഉടന് കിട്ടിയില്ലെങ്കില് മലയോര ഹൈവേ നിര്മാണത്തെ പ്രതിസന്ധിയിലാക്കും.
https://www.facebook.com/Malayalivartha

























