കളിത്തോക്കുമായെത്തി റിട്ട.വനിതാ പ്രഫസറില് നിന്നും 30 ലക്ഷം രൂപ തട്ടിയെടുക്കാന് ശ്രമിച്ച യുവാവ് പിടിയില്

ആലപ്പുഴയില് റിട്ട.വനിതാ പ്രഫസറെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കാന് ശ്രമിച്ച ഓട്ടമോട്ടീവ് എന്ജിനീയറിങ് ബിരുദധാരിയായ യുവാവ് പിടിയില്. കോണ്വന്റ് സ്ക്വയറിന് സമീപം പരുത്തിക്കാട് വീട്ടില് റിട്ട. പ്രഫസര് ലില്ലി കോശിയുടെ (86) വീട്ടില് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
ഇവിടെ വീട്ടുജോലിക്കു നില്ക്കുന്ന സ്ത്രീ പ്രതിയുടെ അമ്മൂമ്മയാണ്. ആലപ്പുഴ ഇരവുകാട് പനയ്ക്കല് വീട്ടില് ഫിറോസ് കലാം (21) ആണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്താന് ഇയാള് ഉപയോഗിച്ച കളിത്തോക്കും കണ്ടെത്തി.
പ്രതി വീട്ടില് വന്നു തോക്ക് ചൂണ്ടിയപ്പോള് വീടിന്റെ പിന്നില് ജോലി ചെയ്യുകയായിരുന്ന അമ്മൂമ്മ സംഭവമൊന്നും അറിഞ്ഞിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. പണം ഉടന് ലഭിക്കുമെന്നു കരുതിയാണ് തോക്കു ചൂണ്ടിയത്. കാനഡയില് ജോലി തേടി പോകാനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നു ഇയാള് പൊലീസിനു മൊഴി നല്കി.
പ്രഫസറുടെ പക്കല് പണം ഇല്ലെന്ന് ബോധ്യമായപ്പോള് പിറ്റേ ദിവസം എത്തുമെന്ന് പറഞ്ഞിട്ടാണ് കടന്നത്. റെയില്വേ സ്റ്റേഷന് റോഡിലൂടെ പോകുമ്പോള് കളിത്തോക്കു പരിസരത്തു വലിച്ചെറിഞ്ഞു. സുഹൃത്തിന്റെ ബൈക്കിലായിരുന്നു എത്തിയത്.
സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാന് സഹായിച്ചത്. ബൈക്കിന്റെ നമ്പര് വച്ച് സുഹൃത്തിനെ കണ്ടെത്തി പ്രതിയുടെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ ക്വാറന്റീന് സെല്ലില് പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























