വീണ്ടും ജെല്ലിക്കട്ട് മോഡൽ; വെട്ടാന് നിര്ത്തിയിരുന്ന പോത്ത് വിരണ്ടോടി

വീണ്ടും ജെല്ലിക്കട്ട് മോഡൽ. കൊല്ലം ചന്ദനത്തോപ്പിന് സമീപം വെട്ടാന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി ഭീകരാന്തരീക്ഷം തീർത്തത് മണിക്കൂറുകളോളം. ദീര്ഘനേരത്തെ പരിശ്രമത്തിനൊടുവില് ഫയര്ഫോഴ്സും, പൊലീസും, നാട്ടുകാരും ചേര്ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കൊല്ലം ചന്ദനത്തോപ്പിന് സമീപത്താണ് സംഭവം.
കശാപ്പ് ശാലയ്ക്ക് സമീപം കെട്ടിയിട്ടിരുന്ന പോത്ത് കയര് പൊട്ടിച്ച് റോഡിലേക്കിറങ്ങി റോഡിലുണ്ടായിരുന്നവര്ക്ക് നേരെ തിരിഞ്ഞു. നിരവധിപേര്ക്ക് പരിക്കേറ്റു. വാഹനങ്ങളും ഇടിച്ച് മറിച്ചു. നാട്ടുകാര് ഓടിക്കൂടി പോത്തിനെ വളഞ്ഞിട്ട് പിടിച്ച് കെട്ടിയിട്ടെങ്കിലും വീണ്ടും കയര് പൊട്ടിച്ച് കുതിച്ചോടി.
വഴിയിലുണ്ടായിരുന്ന വാഹനങ്ങളും ബൈക്കുകളും കുത്തിമറിച്ച് ഒരു കിലോമീറ്ററോളം ഓടിയ പോത്തിനെ കൊല്ലത്തു നിന്നും, കുണ്ടറയില് നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളും പൊലീസും നാട്ടുകാരും ചേര്ന്ന് വലയില് കുരുക്കി. കയര് കൊമ്ബില് എറിഞ്ഞു പിടിപ്പിച്ചു. പൊലീസിന്റെയും ഫയര്ഫോഴ്സിന്റെയും വാഹനങ്ങള് പോത്തിനെ ഇടിച്ചു.
താഴെ വീണ പോത്തിന്റെ കാലുകള് ബന്ധിച്ചെങ്കിലും അല്പ സമയത്തിനകം തന്നെ ചത്തു. ഫയര്ഫോഴ്സിന്റെയും പൊലീസിന്റെയും വാഹനങ്ങള്ക്കും തകരാര് പറ്റിയിട്ടുണ്ട്. കുണ്ടറ ഫയര്ഫോഴ്സിലെ സീനിയര് ഫയര്ഫോഴ്സ് ഓഫീസര് ജോണ്സണിനും ഒരു പൊലീസുകാരനും നാട്ടുകാരില് പലര്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രികളില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























