മുല്ലപ്പള്ളിയെ തീർക്കാൻ ശൈലജ ടീച്ചർക്കൊപ്പം കട്ടക്ക് ബിജെപി ! പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ

ആരോഗ്യമന്ത്രി കെ.കെ. ശൈലജ കോവിഡ് റാണി പദവിക്കു ശ്രമിക്കുന്നുവെന്ന കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. പല കോണുകളിൽ നിന്നും മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ ഇപ്പോഴും തന്റെ പരാമർശത്തിൽ ഉറച്ചുനില്ക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഇപ്പോഴിതാ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർതതുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ട്രീയാതീത പിന്തുണയാണിത് എന്നും കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത് എന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ;
ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻ്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിൻ്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്. കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം എന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ കോവിഡ് റാണി പദവിക്കു ശ്രമിക്കുന്നുവെന്ന പരാമർശത്തിൽ ഉറച്ചുനില്ക്കുന്നുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പറഞ്ഞ വാക്കുകൾ ശരിയാണ്. ആരെയും ആക്ഷേപിച്ചിട്ടില്ല. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് പ്രചരണം നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ആരും ഇല്ലാത്ത മേനി നടിക്കേണ്ട. ആരോഗ്യമന്ത്രി അത്ര വലിയ പ്രവര്ത്തനം നടത്തിയിട്ടില്ല . ആരോഗ്യമന്ത്രിയെ ബ്രിട്ടിഷ് പത്രം ‘റോക് ഡാന്സര്’ എന്നു വിശേഷിപ്പിച്ചു. ഏതൊരു മന്ത്രിയും ചെയ്യുന്നതു പോലെ ഗസ്റ്റ്ഹൗസിൽ അവലോകനയോഗം മാത്രമേ നിപ കാലത്തു നടത്തിയിട്ടുള്ളൂ. അതുകൊണ്ടാണ് ഗസ്റ്റ് ആർട്ടിസ്റ്റ് എന്നു താൻ വിശേഷിപ്പിച്ചത്. നിപ കാലത്ത് മണ്ഡലത്തിൽ തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. അതിനു തെളിവും ഉണ്ട്. നിപയെ പ്രതിരോധിച്ചതിന്റെ അവകാശികൾ ആരോഗ്യപ്രവർത്തകരാണ്. ആ വിജയത്തിന്റെ കിരീടം ആരെങ്കിലും ധരിച്ചു പോകാൻ അനുവദിക്കില്ല
എന്നും മുല്ലപ്പള്ളി പറയുന്നു.
ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണു താൻ ആരോഗ്യമന്ത്രിയെ ‘രാജകുമാരി, റാണി’ എന്നീ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിച്ചത്. അതിൽ ഉറച്ചു നിൽക്കുന്നു. സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയല്ല താൻ. എന്നും അവരുടെ ഉന്നമനത്തിനായി മുന്നിൽ നിൽക്കുന്ന പൊതുപ്രവർത്തകനാണു താൻ. ആരോപണം ഉന്നയിക്കുന്ന സിപിഎം നേതാക്കൾ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇത്രയും മ്ലേച്ഛമായ പദങ്ങൾ ഉപയോഗിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ലതികാ സുഭാഷിനേയും രമ്യ ഹരിദാസിനേയും എത്ര മോശം പദങ്ങൾ ഉപയോഗിച്ചാണ് സിപിഎം വിശേഷിപ്പിച്ചത്. തനിക്കെതിെര കോൺഗ്രസിനുള്ളിൽ തനിക്കെതിരെ അഭിപ്രായങ്ങളുയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ദിസവം പ്രതിപക്ഷ നേതാവിന്റെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പരിഹാസം പേറുന്ന വിമർശനം മുല്ലപ്പള്ളി ചൊരിഞ്ഞത്. അന്ന് നിപ രാജകുമാരി, ഇപ്പോൾ കോവിഡ് റാണി പദവികൾക്കാണു മന്ത്രിയുടെ ശ്രമമെന്നായിരുന്നു വിമർശനം. നിപ കാലത്ത് ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നു പോയതെന്നും കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























