കൊവിഡ് തലസ്ഥാനത്തെ വിഴുങ്ങിയോ? പുറത്തുവരുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനകള്; കരുതലോടെ നീങ്ങി കേരളം; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള് വളരെ കര്ശനമാക്കുമെന്ന് മുഖ്യമന്ത്രി

എല്ലാ പ്രതിരോധ പ്രവര്ത്തനങ്ങളുടെയും താളം തെറ്റിച്ചുകൊണ്ടാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ പോക്ക്. വിവിധ ജില്ലകളില് ഉറവിടമറിയാത്ത കൊവിഡ് കേസുകള് വര്ദ്ധിക്കുന്നുണ്ട് എങ്കിലും സമൂഹവ്യാപന ഭീതി ശക്തമാക്കുന്നത് തലസ്ഥാനത്താണ്. അതിനാല് തന്നെ എല്ലാവരും വളരെ സൂക്ഷിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നടന്ന വാര്ത്താ സമ്മേളനത്തില് മുന്നറിയിപ്പ് നല്കിയത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന് കഴിയാടെ അഞ്ചു പേരാണ് ഇതിനോടകം സംസ്ഥാനത്ത് മരിച്ചത്.
മാത്രമല്ല ഉറവിടം അറിയാത്ത കേസുകള് കൂടുന്നതിനിടെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള് വളരെ കര്ശനമാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്നലെ വ്യക്തമാക്കി. കണ്ണൂര്, മലപ്പുറം, പാലക്കാട്, തൃശൂര്, കൊല്ലം, ജില്ലകളിലും ഉറവിടമറിയാത്ത കേസുകള് കൂടുതലാണ്. സര്ക്കാരിന്റെ കണക്കില് ഇന്നലെ വരെ 70 കേസുകളിലാണ് ഉറവിടംഅറിയാത്തത്. ഇതില് 49 കേസുകളും മേയ് നാലിന് ശേഷം ഉണ്ടായതാണ്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില് നിന്നും ആളുകള് വന്നതിന് പിന്നാലെ സംസ്ഥാനത്ത് രോഗം പകര്ന്നതായി ഈ കണക്കുകള് വ്യക്തമാക്കുന്നു. ആകെ രോഗികളുടെ എണ്ണം നോക്കിയില് ഉറവിടം അറിയാത്ത കേസുകള് കുറവാണെന്നാണ് സര്ക്കാര് ആശ്വസിക്കുന്നത്.
എന്നാല് ഈ സ്ഥിതി തുടര്ന്നാല് ആഴ്ചകള്ക്കുള്ളില് കണക്കുകൂട്ടല് തെറ്റും. പതിനായിരങ്ങളാണ് വരും ദിവസങ്ങളില് നാട്ടിലേക്ക് എത്താനുള്ളത്.കേരളത്തില് നിന്ന് അയല് സംസ്ഥാനങ്ങളിലേക്ക് പോയവര്ക്കും അവിടെ എത്തിയ ഉടന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കും കര്ണാടകയിലേക്കും പോയ 50 ഓളം പേര്ക്കാണ് അവിടെ എത്തിയ ഉടന് രോഗം സ്ഥിരീകരിച്ചത്. ആ സംസ്ഥാനങ്ങള് ഔദ്യോഗികമായി അറിയിക്കാത്തതിനാല് സംസ്ഥാനം ഇത് ഗൗരവമായി എടുത്തിട്ടില്ല.
കേരളത്തിന്റെ മുഴുവന് നെഞ്ചിടിപ്പ് കൂട്ടുന്നത് കണ്ണൂരില് കൊവിഡ് ബാധിച്ച് എക്സൈസ് ഡ്രൈവര് സുനില് (28 ) മരിച്ച സംഭവമാണ്. സര്ക്കാരിനെ കൂടുതല് ആശങ്കപ്പെടുത്തുന്ന കാര്യവും അതുതന്നെയാണ്. പ്രായമായവരിലും കുട്ടികളിലും കൊവിഡ് മരണത്തിന് കാരണമാകുമെന്നതിനാല് റിവേഴ്സ് ക്വാറന്റൈന് ഉള്പ്പെടെ നടപ്പാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈ ചെറുപ്പക്കാരന്റെ മരണം. ഇതേ പറ്റി ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന ആംഭിച്ചിട്ടുണ്ട്.കൂടാതെ രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുള് കരീം, തിരുവനന്തപുരത്ത് മരിച്ച ഫാ കെ.ജി.വര്ഗീസ്, വഞ്ചിയൂരില് മരിച്ച കൂലിപ്പണിക്കാരന് രമേശന്, തൃശൂര് ഏങ്ങണ്ടിയൂരില് മരിച്ച കുമാരന് എന്നിവരുടെയും രോഗബാധയുടെ ഉറവിടം അവ്യക്തമാണ്.
തിരുവനന്തപുരത്ത് മണക്കാട്ട് മൊബൈല് ഷോപ്പ് നടത്തുന്നയാള്, പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്, ഐരാണിമുട്ടത്ത് ആട്ടോഡ്രൈവര് എന്നിവര്ക്ക് അടുത്തടുത്ത ദിവസങ്ങളില് രോഗബാധയുണ്ടായി. ഉറവിടം കണ്ടെത്താനായിട്ടില്ല. ആട്ടോ ഡ്രൈവറുടെ ഭാര്യയ്ക്കും രണ്ട് മക്കള്ക്കും രോഗം ബാധിച്ചതോടെ നാടാകെ ഭീതിയിലാണ്. ഇവരെല്ലാം കൂടുതല് പേരുമായി അടുത്ത് ഇടപഴകി.'സമൂഹവ്യാപന ഭീഷണി തലക്ക് മുകളില് നില്ക്കുകയാണ്. അത് ഒഴിവാക്കാന് സാദ്ധ്യമായ എല്ലാ ശ്രമവും തുടരുന്നു. ഓരോരുത്തരും കൂടുതല് ജാഗ്രത പാലിക്കണം.'
"
https://www.facebook.com/Malayalivartha
























