രോഗം മാറിയില്ലെങ്കിലും രോഗി ചാകും; ഗ്ലെന്മാര്ക്കിന്റെ കോവിഡ് 19 മരുന്നിന് കൊല്ലുന്ന വില; മരുന്നിന് മാത്രം പതിനായിരിത്തിലധികം രൂപ ചിലവഴിക്കേണ്ടി വരും; കോവിഡ് കാലത്തെ കൊള്ള ?

ഡ്രഗ്സ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ (ഡിസിജിഐ) യില് നിന്ന് നിര്മ്മാണത്തിനും വില്പ്പനക്കും അംഗീകാരം ലഭിച്ച ശേഷം, മരുന്ന് കമ്പനിയായ ഗ്ലെന്മാര്ക്ക് ഫാര്മസ്യൂട്ടിക്കല്സ്, ഫാവിഫഌ എന്ന പേരില് കോവിഡിനെതിരെ ആന്റിവൈറല് മരുന്ന് ഫാവിപിരാവിര് അവതരിപ്പിച്ചു. ഒരു ടാബ്ലെറ്റിന് 103 രൂപ വില, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്ന് 200 മില്ലിഗ്രാം ടാബ്ലെറ്റായി 34 ടാബ്ലെറ്റുകളുടെ ഒരു സ്ട്രിപ്പിന് 3,500 രൂപ വിലവരും.
ഇനിയാണ് മരുന്നു കമ്പനിയുടെ കൊള്ളയുടെ രസകരമായി ചിത്രം. മരുന്നു കമ്പനിയുടെ നിര്ദേശം അനുസരിച്ചാണെങ്കില് ഒന്നാം ദിവസം 18 ഗുളികകള് കഴിക്കണം. രണ്ടാം ദിവസം മുതല് പരമാവധി 15-ാം ദിവസം വരെ അതായത് 14 ദിവസം 8 എണ്ണം വീതം അങ്ങനെ 112 ഗുളിക. ആകെ 18+112= 130 ഗുളിക. ഒരെണ്ണത്തിന് 103 രൂപ വച്ച് പനി ഗുളിക കഴിക്കാന് മാത്രം ചെലവ് 13390 രൂപ. പി.പി.ഇ കിറ്റിന്റെ കാശ്, ആശുപത്രി ചെലവ് തുടങ്ങിവയെല്ലാം കൂടി കണക്കുകൂട്ടുമ്പോള് ചിലവ് ഒരു സാധാരണ രോഗിക്ക് ഒരിക്കലും താങ്ങാന് സാധിക്കുന്നതല്ല.
ലോകം മുഴുവന് വലിയൊരു ദുരന്തം നേരിടുമ്പോള് അതുവഴി എങ്ങനെ സാധ്യമായത്രയും സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നതാണ് നോട്ടം. ദുരന്തഘട്ടത്തില് ഈ സംവിധാനങ്ങളൊക്കെയും ഏറ്റെടുത്ത്, മരുന്നുണ്ടാക്കിച്ച് ജനങ്ങള്ക്കെത്തിച്ചു കൊടുക്കാന് ബാധ്യതപ്പെട്ടവര് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഒരു സാധാരണ ആന്റിവൈറല് മരുന്നു മാത്രമാണ് ഫാവിപിരാവിര്. ചൈനയും ജപ്പാനും പകര്ച്ചപ്പനിക്കു നേരത്തെ തന്നെ ഉപയോഗിക്കുന്ന മരുന്ന്. ഇതിന്റെ കോവിഡ് മരുന്നു പരീക്ഷണ ഫലങ്ങളില് ആരോഗ്യമന്ത്രാലയത്തിന്റെ ടെക്നിക്കല് കമ്മിറ്റിക്കു വലിയ തൃപ്തിയുണ്ടായിരുന്നില്ലെന്നതു മറ്റൊരു യാഥാര്ഥ്യം.
ആശുപത്രികളിലൂടെയും റീട്ടെയില് ചാനലിലൂടെയും മരുന്ന് ലഭ്യമാകുമെന്ന് ഗ്ലെന്മാര്ക്ക് പറഞ്ഞു. കൊറോണ വൈറസ് രോഗികള്ക്ക് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥകളില് ഈ മരുന്നഫലപ്രധമായി ഉപയോഗിക്കാമെന്നാണ് മരുന്നു കമ്പനിയുടെ വാദം. ക്ലിനിക്കല് പരിശോധനയില് 88 ശതമാനം വരെ വിജയം കൈവരിക്കാന് മരുന്നിന് സാധിച്ചിട്ടുണ്ട. മരുന്ന് നാലു ദിവസം കൊണ്ടു തന്നെ വൈറസിന്റെ ശക്തി കുറക്കാന് സാധിക്കുമെന്നും മരുന്നു കമ്പനി ആവകാശപ്പെടുന്നുണ്ട്. കോവിഡിനെതിരെ മരുന്ന് എന്ന നിലയില് അവതരിപ്പിച്ചു വന് ലോഞ്ചിങ്ങുമായി ഗ്ലെന്മാര്ക്ക് കമ്പനി രംഗപ്രവേശനം ചെയ്തു കഴിഞ്ഞു.
തീര്ന്നില്ല, മറ്റൊരു ആന്റിവൈറല് മരുന്നായ റെംഡെസിവിറും പുത്തനുടുപ്പൊക്കെയിട്ട് പിന്നാലെ വരുന്നുണ്ട്. കോവിഡ് ചികിത്സയില് ഇതിന്റെ ഉല്പാദനത്തിനും വിപണനത്തിനുമായി സിപ്ലയ്ക്കും ഹെറ്റിറോയ്ക്കും ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ ഇന്നലെ അര്ധരാത്രി അനുമതി നല്കി. ഇവയുടെ വിലയാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha

























