വയനാട് ജനവാസ കേന്ദ്രത്തിലെ പുരയിടത്തില്‍ കെട്ടിയ പശുവിനെ കടുവ കൊന്നു; ജനം പരിഭ്രാന്തിയില്‍

പുല്‍പള്ളി വനമധ്യത്തിലെ ജനവാസ കേന്ദ്രമായ മഠാപ്പറമ്പ് മണലമ്പത്ത് പുരയിടത്തില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാനെത്തിയപ്പോള്‍ കയര്‍ പൊട്ടിക്കിടക്കുന്നതായും പശുവിനെ വലിച്ചിഴച്ചതായും കണ്ടതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കി പരിസരരവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ 30 മീറ്റര്‍ അകലെ ജഡം കണ്ടെത്തി. മണലമ്പം എം.ആര്‍.വിജയകുമാറിന്റെ 2 വയസ് പ്രായമുള്ള ഗര്‍ഭിണിയായ പശുവിനെയാണ് ഇന്നലെ വൈകുന്നേരം ആറോടെ കടുവ കൊന്നത്.
ചെതലയം റേഞ്ച് ഉദ്യോഗസ്ഥര്‍ പശുവിന്റെ ജഡത്തിനരികെ ക്യാമറകള്‍ സ്ഥാപിച്ചു നിരീക്ഷണ സംവിധാനമൊരുക്കി. ഉടമയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും ഉറപ്പ് നല്‍കി. 10 ദിവസം മുന്‍പ് ബശവന്‍കൊല്ലി വനാതിര്‍ത്തിയില്‍ യുവാവിനെ കൊന്ന കടുവയാണിതെന്ന് സംശയിക്കുന്നു.
ചെതലയം റേഞ്ച് ഓഫിസര്‍ ടി.ശശികുമാര്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബി.പി.സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും നാട്ടുകാരും പരിസരത്ത് തിരച്ചില്‍ നടത്തിയപ്പോഴേക്കും കടുവ വനത്തിലേക്കു കയറിയിരുന്നു.
യുവാവ് കൊല്ലപ്പെട്ട ബശവന്‍കൊല്ലിയില്‍ നിന്ന് മണലമ്പത്തേക്ക് കഷ്ടിച്ച് 2 കിലോമീറ്ററേ ദൂരമുള്ളൂ. ബശവന്‍കൊല്ലിക്കടുത്ത് കതവക്കുന്നില്‍ കടുവയെ കടുക്കാന്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം നടത്തിവരുന്നതിനിടെയാണു കടുവ താവളം മാറ്റിയത്. നരഭോജി കടുവ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തിയതിന്റെ ഭീതിയിലാണ് പ്രദേശവാസികള്‍. ഒന്നരമാസം മുന്‍പ് വിജയകുമാറിന്റെ തൊട്ടടുത്ത വീട്ടിലെ പശുവിനെ കടുവ കൊന്നിരുന്നു.
https://www.facebook.com/Malayalivartha

























