പഴയ പ്രതാപകാലം അയവിറക്കുന്ന ജന്മിയെപ്പോലെയാണ് കോണ്‍ഗ്രസെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍

പഴയ പ്രതാപകാലം അയവിറക്കുന്ന ജന്മിയെപ്പോലെയാണ് കോണ്‍ഗ്രസെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭരിച്ചിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കോണ്‍ഗ്രസ് നേതാക്കള്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ഒരു ജമീന്ദാരെപ്പറ്റി ഞാന്‍ ഒരു കഥ പറഞ്ഞിരുന്നു. ഒരുപാട് ഭൂമിയും വലിയ വീടുമൊക്കെയുള്ള ഒരു ജന്മിയുണ്ടായിരുന്നു അയാള്‍. പക്ഷെ ഭൂപരിധി നിയമം വന്നപ്പോള്‍ അയാളുടെ ഭൂമി വെറും 15-20 ഏക്കറായി ചുരുങ്ങി. പക്ഷേ അയാള്‍ അത് അംഗീകരിക്കില്ല. ദിവസവും രാവിലെ എഴുന്നേറ്റ് ഇക്കാണുന്ന ഭൂമി എല്ലാം എനിക്ക് സ്വന്തമാണെന്നാണ് അയാള്‍ പറയുന്നത്. ഇതാണ് കോണ്‍ഗ്രസിന്റെ മാനസികനില. സ്വന്തം വീട്ടിലെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് അയാള്‍ എന്ന് ശരദ് പവാര്‍ പറഞ്ഞു.
ഒരു കാലത്ത് കോണ്‍ഗ്രസ് കരുത്തുള്ളവരായിരുന്നു. ഇന്നത്തെപ്പോലെ 40-45 എംപിമാരല്ല. അന്ന് 140 എംപിമാരുണ്ടായിരുന്നു. നമ്മള് ഇപ്പോഴും ഈ പഴയ കോണ്‍ഗ്രസിനെയാണ് കാണുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് അതിന്റെ അടുത്തെവിടെയും ഇല്ല. - ശരത് പവാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























