റജിസ്റ്റര്‍ ചെയ്യാതെ മദ്യം വാങ്ങാനെത്തിയവരുടെ അക്രമത്തില്‍ സെക്യൂരിറ്റിക്കു പരുക്ക്

കൊല്ലം ഇരവിപുരത്ത് പുന്തലത്താഴം ബവ്റിജസ് ഔട്ലെറ്റിലെ സുരക്ഷാ ജീവനക്കാരനെ ബെവ്ക്യു ആപ് വഴി റജിസ്റ്റര്‍ ചെയ്യാതെ മദ്യം വാങ്ങാനെത്തിയവര്‍ തലയ്ക്ക് അടിച്ചു പരുക്കേല്പിച്ചു. മുള്ളുവിള നഗര്‍ 45-ല്‍ ഗോവിന്ദനഴികം വീട്ടില്‍ അനില്‍കുമാറിനെ(48) സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3-ന് നടന്ന അക്രമത്തെപ്പറ്റി പൊലീസ് പറഞ്ഞത്: മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങാനായി എത്തുകയായിരുന്നു. ബെവ്ക്യൂ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാതെ എത്തിയ പ്രതികളോട് ക്യുവില്‍ നില്ക്കാന് അനുവദിക്കില്ലെന്നു പറഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
അക്രമികള്‍ ബവ്റിജസ് ഔട്ട് ലെറ്റിന് പുറത്ത് കിടന്ന ഒഴിഞ്ഞ ബീയര്‍ കുപ്പി കൊണ്ട് സുരക്ഷാ ജീവനക്കാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പുന്തലത്താഴം മംഗലത്ത് നഗര്‍ 210-ല്‍ പുത്തന്‍വിള വീട്ടില്‍ സന്തോഷ്(48), പുന്തലത്താഴം കന്നിമേല്‍ കിഴക്കതില്‍ പല്ലവി നഗര്‍ നമ്പടിശേരിയില് വാടകയ്ക്കു താമസിക്കുന്ന സന്തോഷ്(43) എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ ഇരവിപുരം ഇന്‍സ്പെക്ടര്‍ കെ.വിനോദ്, എസ്ഐമാരായ എ.പി,അനീഷ്, ബിനോദ്, ദീപു, ജിഎസ്ഐ സുദന്‍, ജയകുമാര്‍, ഷിബു, ദിനേശ്,ഷാജി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























