കാനത്തിന് സിപിഎമ്മിന്റെ മറുപടി... കേരളാ കോണ്ഗ്രസ് എം ജനസ്വാധീനമുള്ള പാര്ട്ടിയെന്ന് മന്ത്രി ഇ.പി. ജയരാജന്

യു ഡി എഫിന്റെ മുന്നണിക്കാലങ്ങളിലെല്ലാം തന്നെ അവസാന വാക്കായിരുന്നു കേരളാകോണ്ഗ്രസ് മാണി ഗ്രൂപ്പിന്റേത്. 1965 ലെ തിരഞ്ഞെടുപ്പുമുതല് തുടര്ച്ചയായി 54 വര്ഷക്കാലം, അതായത് മരണം വരെ, പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗം. മാണിയെ വെല്ലുവിളിക്കാന് ആര്ക്കുമാവാതിരുന്ന അരനൂറ്റാണ്ടിലേറെ കാലം. 1980 ല് ആന്റണി പക്ഷ കോണ്ഗ്രസിനൊപ്പം ഇടതുമുന്നണിയില് ചേര്ന്ന ഹ്രസ്വകാലഘട്ടത്തില്പ്പോലും മാണിക്ക് ഒരു വലിയ തലയെടുപ്പുണ്ടായിരുന്നു. കേരളാകോണ്ഗ്രസിനുള്ളില് മാണി കളികളേറെ കളിച്ചു. തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ പരീക്ഷിച്ചുമുന്നേറി. കേരള രാഷ്ട്രീയത്തില് എന്നും തല ഉയര്ത്തിപ്പിടിച്ചു നിന്ന നേതാവായി കെ.എം.മാണി മാറുകയും ചെയ്തു .
ഇപ്പോഴും കേരളാകോണ്ഗ്രെസ്സിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങള് അവസാനിക്കുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കേരള കോണ്ഗ്രസില് ഉടലെടുത്ത വിവാദങ്ങള്ക്കൊടുവില് കേരളാകോണ്ഗ്രെസ്സ് മാണി ഗ്രൂപ്പിനെ യുഡിഎഫില് നിന്ന് പുറത്താക്കുകയും ചെയ്തു. അതിനുശേഷം എന്താവും ജോസ് കെ മാണിയുടെ നിലപാട് എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം. എല് ഡി എഫിനൊപ്പമാവും ജോസ് കെ മാണിയുടെ ഇനിയുള്ള രാഷ്ട്രീയ പ്രവര്ത്തനം എന്ന നിലയിലേക്കും ചര്ച്ചകള് എത്തി നില്കുന്നു .സി പി ഐ എം എല്ഡിഎഫിലേക്ക് ജോസ് കെ മാണിയെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുമ്പോഴും സി പി ഐ ഇടഞ്ഞു തന്നെയാണ്. സിപി ഐ നിലപാടും ചര്ച്ചയാകുമ്പോള് സി പി ഐ നേതാവ് കാനം രാജേന്ദ്രനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി ഇ പി ജയരാജന്
കോട്ടയം ജില്ലയില് ജനസ്വാധീനമുള്ള പാര്ട്ടിയാണ് കേരളാ കോണ്ഗ്രസ് മാണി വിഭാഗമെന്ന് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു . കാനം രാജേന്ദ്രന്റേത് രാഷ്ട്രീയ നിരീക്ഷണമാണെന്നും ഇ.പി. ജയരാജന് ഒരു സ്വകാര്യ ചാനല് ചര്ച്ചയില് പറഞ്ഞു. ജോസ് കെ മാണി വിഭാഗം എല്ഡിഎഫിലേക്ക് എത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാന് പോകുന്നില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയെ സംബന്ധിച്ചിടത്തോളം ബഹുജന സ്വാധീനമുള്ള ഒന്നാമത്തെ രാഷ്ട്രീയപാര്ട്ടി കേരളാ കോണ്ഗ്രസ് എം ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്. അവര് ജനപിന്തുണയുള്ള പാര്ട്ടി തന്നെയാണ്. സിപിഐയ്ക്ക് ഒരു പാര്ട്ടി എന്നനിലയില് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കുമ്പോള് ഞങ്ങള് സ്വാഭാവികമായും ചര്ച്ച ചെയ്യും. എല്ഡിഎഫിലെ എല്ലാ പാര്ട്ടികള്ക്കും അക്കാര്യത്തില് അഭിപ്രായമുണ്ടാകും. ഇവയെല്ലാം ചര്ച്ച ചെയ്ത് കേരളത്തിന്റെ വളര്ച്ചയ്ക്കും അഭിവൃദ്ധിക്കും അനുയോജ്യമായ നിലപാട് എല്ഡിഎഫ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ജനോപകാരപ്രദമായ പദ്ധതികളേയും തകര്ക്കുകയും അതിന്റെ മുന്നേറ്റത്തെ തടഞ്ഞുനിര്ത്തുക തുടങ്ങിയ നിലപാടുകളാണ് കേരളത്തില് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നതെന്ന് ഇ.പി. ജയരാജന് ആരോപിച്ചു. അവര് സ്വീകരിക്കുന്ന ഓരോ നിലപാടുകളും അവര്ക്കുതന്നെ എതിരായി തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു മുന്നണിക്കകത്ത് സ്വാഭാവികമായും പ്രശ്നങ്ങള് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതാണ് ഇപ്പോള് യുഡിഎഫിലെ ഓരോ ഘടകകക്ഷികളെയും ബാധിക്കുന്നത്. ഇത് ഇനിയും രൂക്ഷമാകും. അതിന്റെ ഭാഗമായി ഇനിയും പ്രശ്നങ്ങള് ഉണ്ടാകും. ഇപ്പോള് ഒരു പാര്ട്ടിയെ അവര് പുറത്താക്കി. ഇനിയും ചിലപ്പോള് ചില പാര്ട്ടികളെ അവര് പുറത്താക്കിയെന്നിരിക്കും. ഈ നിലയില് യുഡിഎഫ് ദുര്ബലപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
കേരളത്തിനെ സംബന്ധിച്ചിടത്തോളം മുന്നണി രാഷ്ട്രീയമാണ് നയിക്കുന്നത്. ഓരോ രാഷ്ട്രീയപാര്ട്ടികളുമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഇപ്പോള് ബിജെപി പോലും എന്ഡിഎ മുന്നണിയുണ്ടാക്കിയിരിക്കുകയാണ്. അവരും ഏതെങ്കിലും ഘടക പാര്ട്ടികളേക്കൂടി ഉണ്ടാക്കിയെടുക്കാമോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
e
https://www.facebook.com/Malayalivartha

























