സ്വര്‍ണ്ണക്കടത്ത് പ്രതികളായ സ്വപ്നയും സന്ദീപും കടന്നത് തമിഴ്നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസുമായി

തമിഴ്നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസുമായാണ് സ്വപ്നയും സന്ദീപും തിരുവനന്തപുരത്തുനിന്നു കടന്നതെന്നു വ്യക്തമായി. സ്വപ്ന സുരേഷിന്റെ പേരിലുളള കെഎല്‍01 സി ജെ 1981 എന്ന നമ്പറുള്ള കാറിനു ഓണ്‍ലൈന്‍ വഴി പാസ് എടുത്തത് തമിഴ്നാട്ടില്‍നിന്നും മഹാരാഷ്ട്രയിലേക്കാണ്. സ്വപ്നയുടെ പേരിലല്ല പാസെടുത്തത്.
സ്വപ്നയും സംഘവും സ്വര്‍ണം പിടിച്ച 5-ാം തീയതി തന്നെ തിരുവനന്തപുരം വിട്ടു. പിറ്റേന്നു മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതറിഞ്ഞാണ് രാത്രി തന്നെ വര്‍ക്കലയിലെ രഹസ്യകേന്ദ്രത്തിലേക്കു പോയത്. സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. ഇവിടെ നിന്നാണു പണം സംഘടിപ്പിച്ചത്. ഇവിടെ താമസിച്ചാണു തമിഴ്നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസ് സംഘടിപ്പിച്ചത്. ശേഷം കൊച്ചിയിലേക്കു പോയി. അവിടെനിന്നു ബെംഗളൂരുവിലേക്കും.
തലസ്ഥാനത്തെ പല ഉന്നതരെയും സഹായം തേടി സ്വപ്നയും സന്ദീപും ബന്ധപ്പെട്ടു. വര്‍ക്കലയില്‍ താമസിക്കാന്‍ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
സന്ദീപ് നായര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടാസംഘങ്ങളുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. ബെംഗളൂരുവില്‍ ഹോട്ടലില്‍ സഹായത്തിന് ആരെങ്കിലും എത്തിയോ പുതിയ ഫോണ്‍ കൈമാറിയോ എന്നതെല്ലാം അന്വേഷണ സംഘം പരിശോധിച്ചിരുന്നു. സ്വപ്നയുടെ ഭര്‍ത്താവും മക്കളും എന്‍ഐഎയുടെ കേന്ദ്രത്തിലാണുള്ളത്.
https://www.facebook.com/Malayalivartha























