മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

സംസ്ഥാനത്തിൻറെ പ്രതിപക്ഷ നേതൃപദവിയിൽ അഴിമതിക്കാർ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിൻറെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണെന്ന് കെ കെ രമ എം എൽ എ . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രതിപക്ഷമെന്നത് ഭരണപക്ഷത്തോളമോ, ഒരു പക്ഷെ അതിലേറെയോ സുപ്രധാനമാണ് ജനാധിപത്യത്തിലെന്ന് നമുക്കറിയാം. ഭരണ സംവിധാനത്തിൻറെ തിരുത്തൽ ശക്തിയായി നിലകൊള്ളുന്ന, നിലകൊള്ളേണ്ടുന്ന പ്രതിപക്ഷമെന്നത് തീർച്ചയായും നമ്മുടെ ജനാധിപത്യത്തിൻറെ ശക്തിയും സൗന്ദര്യവുമാണ്. എന്നാലിവിടെ ആ ജനാധിപത്യ പ്രതീക്ഷകളാകെയാണ് തകർക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തെ മുന്നിൽ നിന്ന് നയിക്കേണ്ടുന്ന പ്രതിപക്ഷനേതാവ് തന്നെ സകുടുംബം ഗുരുതരമായ അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടിൽ പുതഞ്ഞുകിടക്കുന്ന ദയനീയമായ കാഴ്ച്ചയ്ക്കാണ് നാമിവിടെ സാക്ഷികളാവുന്നത്.
മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നൊരാളെ, തങ്ങളുടെ നേതൃപദവിയിൽ നിന്ന് അടിയന്തിരമായി പുറത്താക്കി പ്രതിപക്ഷ രാഷ്ട്രീയത്തിൻറെ ധാർമ്മിക വിശുദ്ധി വീണ്ടെടുക്കാൻ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അവർ നമ്മുടെ ജനാധിപത്യത്തിൻറെ തന്നെ അന്തസ്സാണ് ഊതിക്കെടുത്തുന്നതെന്ന് പറയാതിരിക്കാനാവില്ല.
ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷട്രീയ താൽപ്പര്യാർത്ഥമുള്ള വേട്ടകൾക്കായി കേന്ദ്ര ഭരണകക്ഷി സമീപവർഷങ്ങളിൽ ദുരുപയോഗം ചെയ്തതിൻറെ നിരവധി അനുഭവങ്ങൾ തീർച്ചയായും നമുക്ക് മുന്നിലുണ്ട്. എന്നാൽ അത്തരമൊരു വാദത്തിൻറെ പരിചയും പരിരക്ഷയും ഇപ്പോൾ പിണറായി വിജയനും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കും മുന്നിലുയർത്താവുന്നതല്ലെന്ന് ഈ കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നു കഴിഞ്ഞ തെളിവുകൾ തന്നെ പൊതുസമൂഹത്തിന് മുന്നിൽ വെളിവാക്കി കഴിഞ്ഞിട്ടുണ്ട്.
ഒരു സേവനവും ലഭ്യമാക്കാതെ കർത്തയുടെ കരിമണൽ കമ്പനിയിൽ നിന്ന് പിണറായി വിജയൻറെ മകളുടെ എക്സാലോജിക് കമ്പനിയിലേക്ക് കോടികൾ കൈമറിഞ്ഞതിലെ ദുരൂഹതകൾ പൊതുസമക്ഷം ആദ്യം കൊണ്ടുവന്നത് ആരെങ്കിലും ഇ.ഡി-യെ ദുരുപയോഗിച്ചു നടത്തിയ അനേഷണം വഴിയല്ലെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?!! ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട ഇന്ററിം സെറ്റിൽമെന്റ് ബോർഡ് എന്ന സുപ്രധാനമായ അർധ ജുഡീഷ്യൽ ബോഡിയാണ് കർത്തയുടെ സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ എക്സാലോജിക്കിലേക്ക് ഒഴുകിയ കോടികൾ കമ്പനി ഇടപാടുകളുടെ കണക്കിൽ പെടുത്താവുന്നതല്ലെന്ന് കണ്ടെത്തിയതെന്ന വാസ്തവം നിലനിൽക്കെ ``ഇഡി-യുടെ രാഷ്ട്രീയ വേട്ട''യെന്ന നിലവിളി ഈ കേസിൽ സാമാന്യ നിയമബോധമുള്ള മനുഷ്യർക്കാർക്കും സ്വീകാര്യമാവുകയില്ല തന്നെ. ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻറെ ഗൗരവമേറിയ ആ കണ്ടെത്തലിൻറെ തുടർച്ചയിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷനും ഇ ഡി അന്വേഷണവുമെല്ലാം വന്നുചേർന്നതെന്ന വസ്തുതയെ ഗീബൽസിയൻ നുണപറച്ചിലുകൾ കൊണ്ട് എങ്ങിനെയാണ് പ്രതിരോധിക്കാനാവുക?
പിണറായി വിജയനും സംഘവും ഈ അന്വേഷണത്തെ പിന്നീട് എങ്ങിനെയാണ് നേരിട്ടതെന്നതും ഈ നാട് കണ്ടതാണ്. കൈകൾ ശുദ്ധമായവൻറെ ധീരതയോടെയല്ല, മറിച്ച് മടിയിൽ കനമുള്ളവൻറെ ഭീരുത്വത്തോടെ, കള്ളങ്ങളെ ഒളിച്ചുപിടിക്കാനുള്ള വ്യഗ്രതയോടെ വിജയനും കൂട്ടരും ഈ അന്വേഷണത്തെ കായികമായി പോലും ചെറുക്കാൻ ശ്രമിച്ചതിന് സാക്ഷിയാണീ നാട്. തനിക്കും കുടുംബത്തിനുമെതിരായ അഴിമതി അന്വേഷണത്തെ ഭയപ്പെടുത്തി തീർത്തുകളയാൻ, കൊലവിളികളും ചുടുകട്ടകളുമായി പാർട്ടി ഗുണ്ടകളെ തെരുവിലിറക്കി അന്വേഷണ സംഘത്തെ പട്ടാപ്പകൽ നടുറോഡിൽ ആക്രമിച്ച നാണംകെട്ട പ്രതിരോധവും കേരളം മറന്നിട്ടില്ല!!
ആ റെയ്ഡിനിടെ കണ്ടെത്തിയ പുതിയ ഹവാലാ ഇടപാടുകളുടെ റെഡ്ബുക്ക് വിവരങ്ങളിൽ ഇന്നാട്ടിലെ പൊതുജനത്തിൻറെ സാമാന്യബുദ്ധിക്ക് ദഹിക്കാവുന്ന എന്തെങ്കിലും വിശദീകരണം വിജയനോ, വീണയ്ക്കോ, മുഹമ്മദ് റിയാസിനോ നാളിതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അങ്ങിനെയൊരു കണക്കുപുസ്തകമില്ലെന്ന് വിജയനും, ഉണ്ടെന്ന് മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ പ്രസ്താവനകളിറക്കിയതിനും നാം തന്നെ സാക്ഷിയായി. കോടികൾ പലർക്കും കൊടുത്തതിൻറെ രൂപയിലും ദിർഹത്തിലുള്ള കണക്കുകൾ തീയ്യതി വെച്ച് എഴുതി സൂക്ഷിച്ചത് ''തുടങ്ങാൻ പോകുന്ന ബിസിനസ്സി''ൻറെ കണക്കുകളായിരുന്നവെന്ന മുഹമ്മദ് റിയാസിൻറെ വിചിത്രവും പരിഹാസ്യവുമായ ന്യായവാദത്തോടെ പിണറായി വിജയൻറേയും കുടുംബത്തിൻറേയും അവിശുദ്ധമായ സാമ്പത്തിക ഇടപാടുകളാകെ തന്നെയാണ് പൊതുസമൂഹത്തിന് മുന്നിൽ സമ്പൂർണ്ണമായും നഗ്നമാക്കപ്പെട്ടിരിക്കുന്നത്.
ഇ ഡി റിപ്പോർട്ടിൻറെ മാത്രം അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കാതെ ഒരു SIT രൂപീകരിച്ച് ഇ ഡി നൽകിയ തെളിവുകളുടെ മേൽ സ്വന്തവും സ്വതന്ത്രവുമായി അന്വേഷണം നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിൻറെയും ആഭ്യന്തര വകുപ്പിൻറെയും udf നേതൃത്വത്തിൻറേയും തീരുമാനം രാഷ്ട്രീയമായി ശരിയായ നിലപാട് തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ ഡി സ്ക്രിപ്റ്റിനനുസരിച്ച് ആടേണ്ട ബാധ്യത തീർച്ചയായും സംസ്ഥാനത്തെ Udf സർക്കാരിനില്ല. അതിനനുസൃതമായ നിലപാട് ഹൈക്കോടതി സിംഗിൾ ബെഞ്ച് വരെ സർക്കാർ അഭിഭാഷകൻ സ്വീകരിച്ചത് തീർത്തും ശരിയുമാണ്. എന്നാൽ ഈ കേസിൽ ഇ ഡി കൈമാറിയ തെളിവുകൾ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം FIR രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്താൻ പര്യാപ്തമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ വിധി പ്രഖ്യാപിച്ച് കഴിഞ്ഞതിന് ശേഷം, ആയതിനെതിരെ പിണറായി വിജയൻ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാട് തീർച്ചയായും നിരാശാജനകവും, കഴിഞ്ഞ സർക്കാരിൻറെ കൊടിയ അഴിമതികൾക്കെതിരായ Udf സർക്കാരിൻറെ പൊതുനിലപാടിൻറെ നിറം കെടുത്തുന്നതുമായിരുന്നു എന്ന കാര്യം പറയാതിരിക്കാനാവില്ല. അക്കാര്യത്തിൽ ഉയർന്നുവന്ന വിമർശനങ്ങളെ സോദ്ദേശപരമായി തന്നെ പരിഗണിക്കാൻ ഈ സർക്കാർ സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. തനിക്ക് നേരെ കൃത്യമായ തെളിവുകളോടെ ഉയർന്നുവന്ന അഴിമതിക്കേസുകളെ നിയമപരമായി നേരിടുന്നതിന് പകരം, കേസെടുക്കരുതെന്നാവശ്യപ്പെട്ട് പിണറായി വിജയനും കൂട്ടരും അപഹാസ്യരായി കോടതികൾ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ചവറ്റുകൊട്ടയിലെറിഞ്ഞ വ്യർത്ഥ വാദങ്ങളുമായി നിയമത്തിൻറെ നൂൽപ്പഴുതുതേടി ഈ സാമ്പത്തിക കുറ്റവാളിക്കൂട്ടം ഇപ്പോൾ സുപ്രീം കോടതിയിലാണ് അഭയം തേടിയിരിക്കുന്നത്. ഈ കേസിൽ കോടതികൾ ഇനി എന്ത് വിധി പറഞ്ഞാലും, നൽകാത്ത സേവനക്കണക്കിൽ മാസപ്പടിയായി കോടികൾ പറ്റിയതിൻറേയും, തുടങ്ങാനിരിക്കുന്ന ബിസിനസ്സെന്ന പെരുംനുണയുടെ മറവിൽ കോടികളുടെ അഴിമതിപ്പണം ഹവാലാവഴികളിലൂടെ കടത്തിയതിൻറേയുമെല്ലാം അവിശുദ്ധമായ വാസ്തവമെന്താണെന്ന്, അവനവൻറെ വിലയിരുത്തൽ ശേഷി ആർക്കും പണയം കൊടുത്തിട്ടില്ലാത്ത മനുഷ്യരാകെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം.
കൃഷ്ണപ്പിള്ളയും എകെജിയും ഇഎംഎസ്സും നായനാരും വിഎസ്സുമെല്ലാം നയിച്ചൊരു മഹാപ്രസ്ഥാനത്തിൻറെ തലപ്പത്ത് ഇരിക്കുന്നൊരു പോളിറ്റ്ബ്യൂറോ മെമ്പറുടെ വീട്ടുചുമരിൽ ഇന്ന് കോടികളുടെ അഴിമതി അന്വേഷണത്തിൻറെ നോട്ടീസ് പതിഞ്ഞു കിടക്കുന്നു എന്നതിൽ പരമൊരു ദുരന്തം ആ പാർട്ടിക്കിനി എന്താണ് വരാനുള്ളത്?!! സിപിഎമ്മിൽ ഇത് വിശാല തെറ്റുതിരുത്തലിൻറെ മാമാങ്കക്കാലമാണ്. ഇന്ന് കണ്ണൂർ ജില്ലാ തെറ്റുതിരുത്തലാഘോഷം ഉദ്ഘാടനം ചെയ്യുന്നതാകട്ടെ സാക്ഷാൽ പിണറായി വിജയനും!!! സിപിഎം എന്ന പാർട്ടിയെ ഇന്ന് വിഴുങ്ങിയിരിക്കുന്ന ഗൗരവമേറിയ സകല തെറ്റുകളുടേയും തിൻമകളുടേയും പ്രതിരൂപമായൊരാൾ ഉദ്ഘാടനം ചെയ്യുന്ന തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാവിയെന്തായിരിക്കുമെന്നറിയാൻ ആരുമിവിടെ വിശേഷിച്ച് കാത്തിരിക്കുന്നില്ല.
എന്നാൽ കേരളത്തിൻറെ പ്രതിപക്ഷ നേതൃപദവിയുടെ ധാർമ്മിക വിശുദ്ധിയെന്നത് ഈ നാടിൻറെ ജനാധിപത്യ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണ്. അധികാരവും സ്വാധീനവും വഴി അവിഹിത വഴികളിലൂടെ കോടികൾ സമ്പാദിച്ചവരുടെ അഴിമതി വിഴുപ്പുഭാണ്ഡങ്ങൾ നിർലജ്ജം ചുമക്കാൻ പിണറായി വിജയനെന്ന ഏകാധിപതിയുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂലിക്കാരല്ല തങ്ങളെന്ന് പ്രഖ്യാപിക്കാൻ തൻറേടമുള്ളവരാരുമില്ലേ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിലെന്ന പ്രസക്തമായ ചോദ്യം അതു കൊണ്ടു തന്നെ കേരളീയ പൊതുമണ്ഡലത്തിൻറെ രാഷ്ട്രീയ ചോദ്യമായി ഇവിടെ മുഴങ്ങി നിൽക്കുക തന്നെ ചെയ്യും. പ്രതിപക്ഷ ഉപനേതൃപദം ആർക്കെങ്കിലും വിട്ടുകൊടുക്കുമോ എന്നതല്ല, മറിച്ച് കേരളത്തിലെ പ്രതിപക്ഷ നേതൃപദവിയിൽ നിന്ന് നിങ്ങൾ അഴിമതിക്കാരെ ഇറക്കിവിടുമോ എന്നത് തന്നെയാണ് തീർച്ചയായും ജനാധിപത്യ കേരളം ഉത്തരം തേടുന്ന ചോദ്യം.
https://www.facebook.com/Malayalivartha
























