കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആഹാരവും പരിചരണവും കിട്ടാതെ 2 വയസ്സുകാരന്‍ രാഹുല്‍ മരിച്ച കാര്‍ത്തികപ്പള്ളി ഡാണാപ്പടി റോഡരികിലെ പുരയിടത്തിലുള്ള വീടിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. തറയില്‍ നിറയെ ചെളി. ചിതറിക്കിടക്കുന്ന വൃത്തിഹീനമായ തുണികള്‍. അടച്ചുറപ്പില്ലാത്ത വീട്. കുട്ടിയെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനും നാട്ടുകാര്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ താല്‍പര്യം കാട്ടിയില്ല. കാര്‍ത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വലിയകുളങ്ങര തൈമൂട്ടില്‍ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് രാഹുല്‍. ' മാതാപിതാക്കള്‍ ഭക്ഷണം കൊടുക്കില്ല. രാത്രി പാല്‍ വാങ്ങി വെള്ളം ചേര്‍ത്ത് കൊടുക്കും. മൂത്ത കുട്ടികളുടെ കയ്യിലാണ് പാല്‍ കൊടുക്കുന്നത്. അച്ഛനും അമ്മയും ചെറിയ കുട്ടികളെ നോക്കില്ല. കുളിപ്പിക്കില്ല. മൂത്ത കുട്ടികളാണ് നോക്കിയിരുന്നത്.
അയല്‍വാസികളാണ് ഭക്ഷണം കൊടുത്തിരുന്നത്. 9 വയസ്സുള്ള കുട്ടിയെ കൊണ്ടാണ് കിണറ്റില്‍നിന്ന് വെള്ളം കോരിക്കുന്നത്'–അയല്‍വാസി പറയുന്നു. കുട്ടികളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും മാതാപിതാക്കളുടെ കൂടെ അയയ്ക്കരുതെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടികളെ തനിച്ചാക്കി ദമ്പതികള്‍ പുറത്തേക്ക് പോകും. രാത്രി 12 മണി ആകുമ്പോഴാണ് വരുന്നത്. അതുവരെ അയല്‍ക്കാരാണ് കുട്ടികളെ സംരക്ഷിക്കുന്നത്. '2 ആഴ്ച മുന്‍പ് ഞാന്‍ വീട്ടില്‍പോയി കുട്ടികളെ നഴ്‌സറിയില്‍ വിടണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു കുട്ടിയെ വിട്ടത്. അവരെ പഠിക്കാന്‍ വിടാതെ നിര്‍ത്തിയിരിക്കുകയായിരുന്നു. കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല. സ്ഥിരമായി കട്ടന്‍ ചായയില്‍ ബിസ്‌കറ്റ് കലക്കി കൊടുക്കും. അതു മാത്രമാണ് ആഹാരം. ഇതു സ്ഥിരമായപ്പോള്‍ വാടക വീടിന്റെ ഉടമ മുന്‍പ് പൊലീസിനെ അറിയിച്ചിരുന്നു. അയല്‍വാസികളാണ് അന്ന് രാഹുലിനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തത്. കുട്ടികള്‍ക്ക് വാക്‌സിനും എടുത്തിട്ടില്ല. എത്ര വയസ്സായി എന്നു പോലും മാതാപിതാക്കള്‍ക്ക് അറിയില്ല'–നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.
പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ ആണു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു. രണ്ടു വയസ്സുകാരന്റെ മരണത്തെത്തുടര്‍ന്നു മറ്റു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു. ഇന്നലെ രാവിലെ 6.30നാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ വീട്ടില്‍ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. രാജേഷിന്റെ ഓട്ടോറിക്ഷയില്‍ രാഹുലിനെ മറ്റു നാലു മക്കള്‍ക്കൊപ്പം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. മൂന്നു വര്‍ഷം മുന്‍പ് ഇവരുടെ മറ്റൊരു ആണ്‍കുട്ടിയും മരിച്ചിരുന്നു. ഗര്‍ഭിണിയായ താരയെയും മക്കളെയും കഴിഞ്ഞ ഓഗസ്റ്റില്‍ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ താര ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് ഒന്നര ആഴ്ചയ്ക്കു ശേഷം ഇവരെ തിരികെ വീട്ടിലേക്കുവിട്ടു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനായി ശിശുക്ഷേമ സമിതി വീട്ടുകാരെ സമീപിച്ചിരുന്നെങ്കിലും താരയും രാജേഷും ഇതിനു തയാറായിരുന്നില്ല.
https://www.facebook.com/Malayalivartha
























