പിന്നാലെ ശബരിമലയും... കഴിഞ്ഞ വൃശ്ചിക മാസത്തിലെ ഓര്‍മകള്‍ വീണ്ടുമെത്തുമ്പോള്‍ വിശ്വാസികളുടെ മനസില്‍ കുളിര്‍കോരിയിട്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്ര വിധി; ഇനി വരാനുള്ള ശബരിമല വിധിയ്ക്ക് മുന്നോടിയാണ് ഇതെന്ന് ഹൈന്ദവ സംഘടനകള്‍; അപ്രതീക്ഷിതമായി രാജ കൊട്ടാരത്തിനനുകൂലമായ വിധി ആഘോഷിച്ച് സംഘടനാ നേതാക്കള്‍

സമകാലിക സംഭവ വികാസങ്ങളെ ശബരിമലയുമായി കോര്‍ത്തിണക്കിയുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ നടക്കുന്നത്. വിശ്വാസികളെ കണ്ണീര്‍ കുടുപ്പിച്ച് രണ്ട് യുവതികളെ കയറ്റിയതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്നുവരെ ഒളിഞ്ഞും തെളിഞ്ഞും പ്രചാരണം നടക്കുന്നുണ്ട്. ഇപ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്ര വിധിയോടെ ഹൈന്ദവ സംഘടനകള്‍ പരസ്യമായി വിജയാഘോഷവുമായി രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ ഏറ്റവുമധികം ത്യാഗം അനുഭവിച്ച കെ. സുരേന്ദ്രന്‍ ബിജെപിയുടെ പ്രസിഡന്റായി എല്ലാം നയിക്കാന്‍ മുന്നിലുണ്ടെന്ന പ്രത്യേകതയുമുണ്ട്.
നീണ്ട 13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പ് ചുമതല ലഭിച്ചതില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ആശ്വാസമായപ്പോള്‍ അതിന്റെ വിജയം ഏറ്റെടുത്ത് ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിധി സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനുമെതിരെ ആയുധമാക്കാനുറച്ച് സംഘ്പരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകള്‍ മുന്നോട്ട് പോകുകയാണ്.
ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് വിധി തിരിച്ചടിയായെന്ന പ്രചാരണം ബി.ജെ.പി ആരംഭിച്ചുകഴിഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പാര്‍ഥസാരഥി ക്ഷേത്രം ഉള്‍പ്പെടെ വിട്ടുനല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. ദേവസ്വം ബോര്‍ഡുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടെന്നും ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് തിരിച്ചടിയാണ് വിധിയെന്നും അവര്‍ പറയുന്നു.
വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ കൈയാളിവന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് വിധി. 2007 ലാണ് ഇപ്പോഴത്തെ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചത്. ക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പെടെ സാധനങ്ങള്‍ കടത്തുന്നുവെന്ന നിലയില്‍ രാജകുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് മുന്‍സിഫ് കോടതി മുതല്‍ സുപ്രിംകോടതി വരെ നീണ്ടത്. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
കോടികളുടെ അമൂല്യ നിധിശേഖരമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്നുപരിശോധിച്ചതോടെ ആഗോള ശ്രദ്ധാകേന്ദ്രമായി മാറി. ക്ഷേത്രത്തിലെ അമൂല്യമായ പല വസ്തുക്കളും കടത്തുന്നുവെന്ന ആരോപണവുമായി 2007ല്‍ ഭക്തനായ പത്മനാഭന്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചതോടെയാണ് വിഷയം കോടതി കയറുന്നത്.
സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നത്. ഗത്യന്തരമില്ലാതെയാണ് കടകംപള്ളി സുരേന്ദ്രന്‍ വിധിയെ സ്വാഗതം ചെയ്യുന്നത്. ഈ നിലപാട് മുഖ്യമന്ത്രിയും കൊടിയേരിയും അംഗീകരിക്കുമോ? ഇപ്പോള്‍ വിധിയെ സ്വാഗതം ചെയ്യുന്നവര്‍ തങ്ങളുടെ പഴയ നിലപാട് തെറ്റാണെന്ന് പൊതുജനങ്ങളോട് പരസ്യമായി പറയാന്‍ തയ്യാറാവണം. ക്ഷേത്രങ്ങള്‍ മതേതര പാര്‍ട്ടികളല്ല നയിക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആചാരഅനുഷ്ഠാനങ്ങള്‍ തീരുമാനിക്കേണ്ടത് വിശ്വാസികളാണ്. ക്ഷേത്രഭരണത്തില്‍ അഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന നിലപാടിനേറ്റ തിരിച്ചടിയാണ് വിധി.
ഭരണസമിതിയില്‍ ഹിന്ദുക്കള്‍ മാത്രം എന്ന സുപ്രിം കോടതിയുടെ പരാമര്‍ശത്തിനര്‍ത്ഥം വിശ്വാസികളായ ഹിന്ദുക്കള്‍ എന്നാണ്. ക്ഷേത്ര നടത്തിപ്പ് ചുമതല വിശ്വാസി സമൂഹത്തിനാകണം എന്ന സന്ദേശമാണിത്. കക്ഷി രാഷ്ട്രീയ അതിപ്രസരമുള്ള കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ സാംഗത്യം ചോദ്യം ചെയ്യുന്ന വിധി കൂടിയാണിത്. ക്ഷേത്രങ്ങളിലെന്തു നടക്കണമെന്നത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമല്ല തീരുമാനിക്കേണ്ടത്. ശബരിമലയിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ബാധകമായ വിധി കൂടിയാണിത്. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























