വിഴിഞ്ഞത്തെ ആദ്യ ക്രൂ ചെയ്ഞ്ച് നടക്കില്ല; നഷ്ടമാക്കിയത് കോടികളുടെ വരുമാനം; ആദ്യം അനുമതി നല്കി, പിന്നെ അപ്രതീക്ഷിതമായി നിഷേധിച്ചു; പിന്നില്‍ വിഴിഞ്ഞത്തെ തകര്‍ക്കാന്‍ നില്ക്കുന്ന അന്താരാഷ്ട്ര തുറമുഖ ലോബി; ഇപ്പോള്‍ തുറമുഖം വൈകുന്നതിന്റെ കാരണം വ്യക്തമായില്ലേ?

വിഴിഞ്ഞം തുറമുഖത്തെ ആദ്യ ക്രൂ ചെയ്ഞ്ചിനു തയാറായി എത്തുന്ന ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നിന് അവസാന നിമിഷം അനുമതി നിഷേധിച്ച് ഇമിഗ്രേഷന്‍ വകുപ്പ്. മറ്റെല്ലാ അനുമതികളും വാങ്ങിയ ശേഷം കഴിഞ്ഞ 7ന് തിരുവനന്തപുരം എഫ്.ആര്.ആര്.ഒ സ്റ്റേഷന് മേധാവിയെ വിളിച്ച് വാക്കാല്‍ അനുമതി വാങ്ങിയ ശേഷമാണ് നാളെ പുറംകടലില്‍ നങ്കൂരമിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായി ക്രൂ ചെയ്ഞ്ചിന് അനുമതി നിഷേധിച്ചതായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. അടിയന്തരമായി ഇടപെടണമെന്നും കപ്പല്‍ ഫഌഗ്ഓഫ് ചെയ്യണമെന്നും അഭ്യര്‍ഥിച്ച് എവര്‍ ഗ്ലോബ് കപ്പല്‍ അധികൃതര്‍ മുഖ്യമന്ത്രിക്കു പരാതി നല്കി. കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാതെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് വിഴിഞ്ഞം തുറമുഖത്തെ ആദ്യ ക്രൂ ചെയ്ഞ്ചിന് അനുമതി നിഷേധിച്ചത്.
രാജ്യാന്തര കപ്പല്‍ ചാലിലൂടെ കടന്നു പോകുന്ന വലിയ കപ്പലുകളിലെ ക്യാപ്റ്റനടക്കമുള്ള ജീവനക്കാര്‍ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി കരയിലിറങ്ങുകയും പകരം ജീവനക്കാര്‍ കപ്പലില്‍ കയറുന്നതുമാണ് ക്രൂ ചെയ്ഞ്ച്. ക്രൂ ചെയ്ഞ്ചിനു വേണ്ടി ആദ്യമായാണ് വിദേശ ചരക്കുകപ്പല്‍ വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടുന്നത്. മലയാളിയുള്‍പ്പെടെ 23 ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് കരയിലെത്താനും പകരം ആളെ കയറ്റാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ക്രൂ ചെയ്ഞ്ച് പതിവായാല്‍ തുറമുഖ വകുപ്പിനും കാര്യമായ വരുമാനം ലഭിക്കും. ഈജിപ്തില്‍ നിന്നു ശ്രീലങ്കയിലേക്ക് കണ്ടെയ്നറുകളുമായി ജൂണ്‍ 26 ന് പുറപ്പെട്ട കൂറ്റന്‍ ചരക്കുകപ്പലാണ് എവര്‍ ഗ്ലോബ്. കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥ സംഘം ബോട്ടില്‍ കപ്പലിലെത്തുകയാണ് പതിവ്. ഇതു ചെയ്യാമെന്ന് സമ്മതിച്ച ശേഷമാണ് ഇമിഗ്രേഷന്‍ വകുപ്പിന്റെ കാലുമാറ്റം.
കോവിഡ് കാലത്ത് ഇതര തുറമുഖങ്ങളെ അപേക്ഷിച്ച് സുരക്ഷിതമെന്ന നിലയ്ക്കാണ് വിഴിഞ്ഞത്ത് കപ്പല്‍ അടുപ്പിക്കാന്‍ തീരുമാനിച്ചത്. 400 മീറ്റര്‍ നീളവും 58 മീറ്റര്‍ വീതിയുമുള്ള കപ്പലില്‍ 2.20 ലക്ഷം ടണ്‍ ഭാരം കയറ്റാനാകും. ഏതാണ്ട് കാല് ലക്ഷം ലോറികളുടെ ഭാരം വരുമിത്. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര തുറമുഖ ലോഹി തന്നെയാണ് ഇതിന് പിന്നില്ലെന്നാണ് സംശയിക്കുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി എന്ത് കൊണ്ട് വൈകുന്നുവെന്നതിന് കാരണവും ഇവര്‍ തന്നെയാണ്. സര്‍ക്കാരിനെ വരെ കൈയിലെടുക്കാന്‍ ലോബിക്കു സാധിക്കുന്നുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇത്തരം സംഭവങ്ങളെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























